തിരൂരങ്ങാടി: തമിഴ് നാട്ടിലെ കോയമ്പത്തൂർ ജയിലിൽ വീരമരണം വരിച്ച് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന ആലി മുസ്‌ലിയാരുടെ ചരിത്രസ്മരണകൾ നിറഞ്ഞ തിരൂരങ്ങാടിയിലെ ചരിത്രവേരുകൾ തേടി തമിഴ് നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്രാന്വേഷികളുടെ സംഘം എത്തി. മലബാർ പോരാട്ടങ്ങളെക്കുറിച്ചും 1921 ലെ ഖിലാഫത്ത് സമര നായകൻ ആലി മുസ്‌ലിയാരെക്കുറിച്ചുമുള്ള ചരിത്ര വസ്തുതകളുടെ അന്വേഷണമാണവരെ തിരൂരങ്ങാടിയിൽ എത്തിച്ചത്. പതിനാല് യാത്രാ അംഗങ്ങൾ ഉൾപ്പെടുന്ന രിഹ് ല പൈതൃക യാത്രാ സംഘമാണ് കഴിഞ്ഞ ദിവസം ചരിത്ര പഠനത്തിനായി ഇവിടെ എത്തിയത്. തിരൂരങ്ങാടി കിഴക്കേ തെരുവിലെ ആലി മുസ്‌ലിയാർ മസ്ജിദ് , യങ് മെൻ ലൈബ്രറിയിലെ ആലി മുസ്‌ലിയാർ സ്മാരക ആർട്ട് ഗ്യാലറി, ……….etc തുടങ്ങി പ്രധാന ചരിത്രസ്മാരകങ്ങൾ അവർ സന്ദർശിച്ചു. മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും അവക്ക് ധീരനായകത്വം നൽകിയ വിപ്ലവകാരികളെ കുറിച്ചുമുള്ള പഠനമാണ് ഈ യാത്രയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് യാത്രാ സംഘം നേതാവ് ഉവൈസ് പള്ളപ്പട്ടി പറഞ്ഞു. ഈ പോരാട്ട ചരിത്രത്തിലെ അവഗണിക്കപ്പെട്ട കേരള – തമിഴ് നാട് ബന്ധത്തെ പുനരുജ്ജീവിപ്പിക്കുകയാണ് രിഹ് ല പൈതൃക സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു