പരപ്പനങ്ങാടി : പരപ്പനങ്ങാടി സെന്റ് തോമസ് പള്ളിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ഞായറാഴ്ചയാണ് സന്ദര്‍ശനം നടത്തിയത്. ഇടവക വികാരി റവ. ഫാ. അബ്രാഹം സ്രാമ്പിക്കല്‍, ട്രസ്റ്റിമാരായ പി.ജെ. വിന്‍സന്റ് പടയാട്ടില്‍ വിജി ജോര്‍ജ് വെള്ളാപ്പള്ളിപുരയ്ക്കല്‍, ഡോ. ജിജോ ജോസഫ് ചൊവ്വള്ളിയില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒന്നുചേര്‍ന്ന് അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കി.
തുടര്‍ന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഇടവകയില്‍ നിന്നും മരിച്ചവരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകളും നടന്നു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ രൂപതാധ്യക്ഷന്‍ അധ്യക്ഷത വഹിച്ചു. വിവാഹത്തിന്റെ 40 വര്‍ഷം പിന്നിട്ട റാഫേല്‍ റോസി വടക്കൂട്ട്, വര്‍ഗ്ഗീസ് അല്‍ഫോന്‍സാ കാക്കശ്ശേരി, ജോണ്‍സന്‍ ലില്ലി അക്കര എന്നീ ദമ്പതികളെ ഇടവകയുടെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ അലീന പി. ജോണ്‍സന്‍ പാലിയത്തേയില്‍ ന് പ്രത്യേക ഉപഹാരം നല്‍കുകയും ചെയ്തു. സണ്‍ഡേ സ്‌കൂള്‍ കുടുംബകൂട്ടായ്മ മാതൃവേദി എന്നിവയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഇടവക ട്രസ്റ്റിയായ പി.ജെ. വിന്‍സന്റ് പടയാട്ടില്‍ യോഗത്തിന് നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ അജപാലന സന്ദര്‍ശനം പൂര്‍ത്തിയാക്കി അഭിവന്ദ്യ പിതാവ് മടങ്ങി.