കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം എത്തി, ഏറ്റുവാങ്ങി മുഖ്യമന്ത്രി

കൊച്ചി : കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനം നടത്തിയ ശേഷമാകും മൃതദേഹം ആംബുലന്‍സുകളില്‍ മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുക. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

31 മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് വെക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ടേബിളിലും മരിച്ചവരുടെ ഫോട്ടോയും പേരും ഉള്‍പ്പെടെയുണ്ടാകും. ഏഴു തമിഴ്‌നാട്ടുകാരുടെ മൃതദേഹം റോഡ് മാര്‍ഗമായിരിക്കും കൊണ്ടുപോകുക. ഇതിനായി തമിഴ്‌നാടിന്റെ ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രിയും നെടുമ്പാശ്ശേരിയിലെത്തിയിട്ടുണ്ട്.

കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും ആവശ്യമെങ്കില്‍ ആംബുലന്‍സുകള്‍ വിട്ടുകൊടുക്കാനുള്ള സംവിധാനവും നോര്‍ക്ക ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കേരള അതിര്‍ത്തി വരെ അനുഗമിക്കാന്‍ അകമ്പടി വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡ് മാര്‍ഗമായിരിക്കും തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും മൃതദേഹങ്ങള്‍ കൊണ്ടുപോകുകയെന്നും കെ രാജന്‍ പറഞ്ഞു.

ആന്ധ്രാ പ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങള്‍ ദില്ലിയിലേക്കായിരിക്കും കൊണ്ടുപോകുകയെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. നടപടികള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ വേഗത്തിലാക്കാനുമായി ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ആദ്യം കൊച്ചിയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചത്.

error: Content is protected !!