പട്ടാമ്പിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം, മരണം യുവതിയുടെ വിവാഹം നടക്കാനിരിക്കെ

പാലക്കാട്: പട്ടാമ്പിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. കൊടുമുണ്ട തീരദേശ റോഡിലാണു സംഭവം. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പട്ടാമ്പി പൊലീസ് അറിയിച്ചു. ഇന്നു രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഒരു സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്നുണ്ട്. സമീപത്തുനിന്ന് ഒരു കത്തിയും കവറും കണ്ടെടുത്തിട്ടുണ്ട്.

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് മരിച്ച പ്രവിയ. സംഭവത്തില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും. പ്രവിയയെ കുത്തിവീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പ്രവിയയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അടുപ്പമുണ്ടായിരുന്ന യുവാവ് ആക്രമിച്ചെന്നാണ് വിവരം.

error: Content is protected !!