Wednesday, August 6

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ; ഇതുവരെ ലഭിച്ചത് 23,340 അപേക്ഷകള്‍

മലപ്പുറം : ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സി. ഷാനവാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ഹജ്ജ്-2026ന്റെ അപേക്ഷ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. ഹജ്ജിനുള്ള അപേക്ഷാ സമര്‍പ്പണം, ഹജ്ജ് ട്രെയിനര്‍മാരുടെ തെരഞ്ഞെടുപ്പ്, സംസ്ഥാനത്തെ 14 ജില്ലകളിലും ഹജ്ജ് സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്നിവയില്‍ അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തി. 2025 വര്‍ഷം ഹജ്ജ് നിര്‍വ്വഹിച്ച് മടങ്ങിയെത്തിയ ഹാജിമാരില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓണ്‍ലൈനായി സ്വീകരിച്ച ഫീഡ് ബാക്കിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതുവരെ 23,340 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 4,652 പേര്‍ 65+ വിഭാഗത്തിലും, 3109 പേര്‍ ലേഡീസ് വിതൗട്ട് മെഹ്‌റം (പുരുഷ മെഹ്റം ഇല്ലാത്ത) വിഭാഗത്തിലും, 854-പേര്‍ ജനറല്‍ ബി. (WL) വിഭാഗത്തിലും 14,725-പേര്‍ ജനറല്‍ വിഭാഗത്തിലുമാണ്.

സംസ്ഥാനത്ത് ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 12,000 അപേക്ഷകളൂടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകളുടെ വര്‍ക്കുകള്‍ ഹജ്ജ് ഹൗസില്‍ നടന്നുവരുന്നു. ഇതു വരെ ലഭിച്ച അപേക്ഷകള്‍ മുന്‍ഗണനാ ക്രമത്തില്‍ സൂക്ഷ്മ പരിശോധന നടത്തി കവര്‍ നമ്പര്‍ നല്‍കുന്ന പ്രവൃ ത്തി ഹജ്ജ് ഹൌസില്‍ പുരോഗമിക്കുകയാണ്. അപേക്ഷകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്‌കര്‍ഷിച്ച സൈസിലും ക്വാളിറ്റിയിലുമാണ് പാസ്പോര്‍ട്ട് കോപ്പിയും മറ്റു രേഖകളും അപ്ലോഡ് ചെയ്യേണ്ടത്. ഇത് പരിശോധിച്ചാണ് കവര്‍ നമ്പര്‍ നല്‍കി വരുന്നത്. രേഖകള്‍ വ്യക്തമല്ലെങ്കില്‍ കവര്‍ നമ്പര്‍ ലഭിക്കുന്നതല്ല. കവര്‍ നമ്പര്‍ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തും, പാസ്പോര്‍ട്ട് നമ്പര്‍ എന്‍ട്രി ചെയ്തും പരിശോധിക്കാം.

2025 ഓഗസ്റ്റ് ഏഴ് ആണ് അപേക്ഷ നല്‍കാനുള്ള അവസാന തിയതി. ഓഗസ്റ്റ് 12-നകം നറുക്കെടുപ്പും മറ്റു നടപടികളും പൂര്‍ത്തിയാക്കും. അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. ജാഫര്‍ കെ. കക്കൂത്ത്, ഹജ്ജ് നോഡല്‍ ഓഫീസര്‍ പി. കെ.അസ്സയിന്‍ ., ഷാഫി കെ., സി. പി.മുഹമ്മദ് ജസീം ., കെ.നബീല്‍ , കെ.സുഹൈര്‍, പി. പി. മുഹമ്മദ് റാഫി എന്നിവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!