വേങ്ങരയില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവം ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

വേങ്ങര : വേങ്ങരയില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും. ഇയാള്‍ ദുബായ് വഴി സൗദിയിലേക്ക് കടന്നപ്രതിയെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു

2024 മേയ് രണ്ടിനാണ് വേങ്ങര സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം നടന്നത്. ആറാംദിവസം മുതല്‍ ഉപദ്രവം തുടങ്ങി. മര്‍ദനം രൂക്ഷമായപ്പോള്‍ മേയ് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയ യുവതി 23ന് മലപ്പുറം വനിതാസ്റ്റേഷനില്‍ പരാതി നല്‍കി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സംശയത്തിന്റെ പേരിലുമാണ് മര്‍ദനം എന്ന് പരാതിയില്‍ പറയുന്നു. ഫായിസിന്റെ മാതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി കേസെടുത്തിരുന്നു.

മുഹമ്മദ് ഫായിസിന്റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടി മെയ് 23 നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചക്ക് ശേഷം മെയ് 28 ന് പെണ്‍കുട്ടി മലപ്പുറം എസ്പിക്ക് പരാതി നല്‍കി.

എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം കേസില്‍ വധശ്രമം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്തു. ഇതോടെ മുഹമ്മദ് ഫായിസും അമ്മ സീനത്തും മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. സീനത്ത് ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് നേടി. ഇതിനിടെ മുഹമ്മദ് ഫായിസും പിതാവ് സൈതലവിയും ഒളിവില്‍ പോവുകയായിരുന്നു.

ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ യുവതിയുടെ കേള്‍വി ശക്തിക്ക് തകരാര്‍ പറ്റിയിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ വയര്‍കൊണ്ടുള്ള മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിയുടെ കൈകാലുകള്‍ക്കും ചെവിക്കും പരിക്കേറ്റിരുന്നു. തലയിണ മുഖത്തമര്‍ത്തി കൊല്ലാന്‍ ശ്രമിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. പരിശോധനയില്‍ വലത് ചെവിയുടെ പാട പൊട്ടിയതായും കൈയ്ക്ക് പൊട്ടലുണ്ടായതായും കണ്ടെത്തിയിരുന്നു. വനിതാസെല്ലിലെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ 29ന് നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതിക്കാരി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

error: Content is protected !!