കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂൾ കായികമേളക്കും കലാമേളക്കും ആവേശ പരിസമാപ്തി. വിദ്യാർത്ഥികളുടെ നൈസർഗിക കഴിവുകളെ പ്രകടമാക്കാൻ വേണ്ടി സംഘടിപ്പിച്ച കായിക മേള “എക്സ്പ്ളോറിക” , കലാ മേള “ഫ്ളോറോൻസിയ” എന്ന പേരിലുമാണ് സംഘടിപ്പിച്ചത്. എമറാർഡ്, റൂബി, ഡയമണ്ട്,സഫേർ എന്നീ നാല് ഗ്രൂപ്പുകളിലായി കായികമേള രണ്ട് ദിവസവും കലാമേള മൂന്ന് ദിവസവുമാണ് അരങ്ങേറിയത്. ഓടിയും ചാടിയും എറിഞ്ഞും ട്രാക്കും പിറ്റും പൊടി പാറുന്ന മൽസര പോരാട്ടത്തിന് സാക്ഷിയായി. സ്പോർട്സിന് മുന്നോടിയായി ഗെയിംസും നടന്നു. സ്പോർട്സ് മീറ്റിൽ എമറാൾഡ് ഒന്നും റൂബി, ഡയമണ്ട് രണ്ടും സഫേർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.കലകൾ കൊണ്ട് കനകം തീർത്ത മൂന്ന് ദിവസം നീണ്ടു നിന്ന ഫോളോറൻസിയ ആർട് ഫെസ്റ്റ് ഉദ്ഘാടന സംഗമത്തിൽ സോഷ്യൽ മീഡിയ വൈറൽ താരം ടിക് ടോക് ബാപ്പുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. മൂന്നു നാളിലെ മൽസരങ്ങളിൽ അറബികലാമേളയോടൊപ്പം മികവുറ്റ കലാ പ്രകടനങ്ങളും അരങ്ങേറ്റവും കൊണ്ട് ശ്രദ്ധേയമായി. എഴുത്തും വരയും വർണ്ണങ്ങളും പാട്ടും കൊട്ടും അങ്ങനെ എഴുപതിലധികം ഇനങ്ങളിൽവാശിയേറിയ മൽസരങ്ങൾ നടന്നു.സമാപന സംഗമത്തിൽ പ്രമുഖ മാപ്പിളപ്പാട്ട് ഗായിക ഡോ.സിദ്റത്തുൽ മുൻതഹ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഗാനങ്ങളുമായി സദസ്സിനെ ഹരം പകർന്നു. ആവേശത്തിന്റെ അനുഭവം പകർന്നു മൽസര പോരാട്ടത്തിൽ എമറാർഡ് താര രാജാക്കന്മാറായി ഒന്നാം സ്ഥാനം നേടി.റൂബി രണ്ടും സഫേർ മൂന്നും ഡയമണ്ട് നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.സമാപന സംഗമത്തിൽ സ്കൂൾ ജനറൽ സെക്രട്ടറി പുത്തൂർ സാഹിബ് ഹാജി, കൊടിഞ്ഞി മഹല്ല് ജനറൽ സെക്രട്ടറി പത്തൂർ മൊയ്തീൻ ഹാജി, സ്കൂൾ ട്രഷറർ നെച്ചിക്കാട്ട് ബാപ്പുട്ടി,പി.ടി.എ പ്രസിഡന്റ് പനക്കൽ മുജീബ്, പ്രിൻസിപ്പൽ ടി ടി നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറമ്പിൽ, സദർ മുഅല്ലിം ജാഫർ ഫൈസി, വൈസ് പ്രിൻസിപ്പൽ ഷഹാന ടീച്ചർ, പനമ്പിലായി സലാം ഹാജി, അലുംനി പ്രസിഡന്റ് ഇസ്മാഈൽ മറ്റത്ത്, സെക്രട്ടറി റഷീദ് പനക്കൽ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ കൺവീനർ നിസാർ മാസ്റ്റർ, കൺവീനർ റഫീഖ് റഹ് മാനി, സ്പോർട്സ് കൺവീനർ ജസീന ടീച്ചർ, മെമ്പർമാരായ ഉനൈസ് മാസ്റ്റർ, മഹേഷ് മാസ്റ്റർ, ഹബീബ ടീച്ചർ, ബീന ടീച്ചർ, അസീസ് ഫൈസി, ശാഫി വാഫി, സ്വാദിഖ് ഹുദവി, ജാബിർ വാഫി മൽസരങ്ങൾ ക്ക് നേതൃത്വം നൽകി.