എളമരംകടവ് പാലം ഇന്ന് നാടിന് സമര്‍പ്പിക്കും


മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം ഇന്ന് (മെയ് 23 ) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എളമരം കടവ് പാലത്തിന് സമീപം വൈകീട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ വിശിഷ്ടാതിഥിയാവും. ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനാവും. എം.പിമാരായ ഡോ.എം.പി അബ്ദുസമദ് സമദാനി, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, എളമരം കരീം,  പി.ടി.എ റഹിം എം.എല്‍.എ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചാലിയാറിന് കുറുകെ എളമരം കടവില്‍ നിര്‍മ്മിച്ച പാലം മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എളമരത്തെയും കോഴിക്കോട് ജില്ലയിലെ മാവൂരിനെയും ബന്ധിപ്പിക്കുന്നു. കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 350 മീറ്റര്‍ നീളത്തിലും 11.5 മീറ്റര്‍ വീതിയിലും നിര്‍മിച്ച പാലത്തിന് 10 സ്പാനുകളാണുള്ളത്. ചാലിയാറിലെ പ്രളയ സാധ്യത മുന്നില്‍ കണ്ട് വിദഗ്ധ സംഘത്തിന്റെ നിര്‍ദേശാനുസരണം ഒരു മീറ്റര്‍ ഉയരം കൂട്ടി പാലത്തിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പാലം മുതല്‍ എടവണ്ണപ്പാറ വരെയുള്ള 2.8 കിലോമീറ്റര്‍ അപ്രോച്ച് റോഡും എളമരം ജംങ്ഷന്‍ മുതല്‍ വാലില്ലാപുഴ വരെയുള്ള 1.8 കിലോമീറ്റര്‍ റോഡും മറുഭാഗത്ത് പാലം മുതല്‍ മാവൂര്‍ വരെയുള്ള ഒരു കിലോമീറ്റര്‍ അപ്രോച്ച് റോഡുകളുടെ നിര്‍മാണവും  ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരിച്ചത്.

പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ എളമരം, അരീക്കോട് കൊണ്ടോട്ടി ഭാഗത്തുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി, കുന്നമംഗലം, വയനാട് ഭാഗങ്ങളിലേക്കും കുന്നമംഗലം താമരശേരി, വയനാട് ഭാഗത്ത് നിന്നുള്ളവര്‍ക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ട്, മലപ്പുറം, പാലക്കാട് മേഖലകളിലക്കും എളുപ്പത്തില്‍ എത്തിചേരാനാവും. മലപ്പുറം പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നിര്‍വഹിച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള പി.ടി.എസ് ഹൈടൈക് പ്രൊജക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെ.കെ ബില്‍ഡേഴ്‌സും ചേര്‍ന്നാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

error: Content is protected !!