മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയം നാളെ നാടിന് സമര്‍പ്പിക്കും

മഞ്ചേരി : ജില്ലാ കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ നിര്‍മിച്ച കെട്ടിട സമുച്ചയം നാളെ (ഫെബ്രുവരി 18) നാടിന് സമര്‍പ്പിക്കും. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

14 കോടി രൂപ ചെലവിലാണ് ഏഴു നില കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി, മോട്ടോര്‍ ആക്സിഡന്റ് ക്ലൈം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍, ഇപ്പോള്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.സി-എസ്.ടി സ്പെഷല്‍ കോടതി, അഡീഷനല്‍ ജില്ല സെഷന്‍സ് കോടതികള്‍ തുടങ്ങി ഒമ്പത് കോടതികള്‍ ഈ സമുച്ചയത്തിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഓഫീസ്, നാജര്‍ ഓഫീസ്, റെക്കോര്‍ഡ് റൂമുകള്‍, ലൈബ്രറി, ബാര്‍ അസോസിയേഷന്‍ ഹാള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, വനിതാ അഭിഭാഷകര്‍ക്കുള്ള ഹാള്‍, വക്കീല്‍ ഗുമസ്തമന്‍മാരുടെ ഹാള്‍, മെഷ്യന്‍ റൂം എന്നിവയും കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്നതിനും കാര്‍, സ്‌കൂട്ടര്‍ പാര്‍ക്കിങിനും ഗ്രൗണ്ട് ഫ്ളോറില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

2016 ഡിസംബര്‍ 22ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ചിദംബരേഷ് ശിലാസ്ഥാപനം നിര്‍വ്വഹിച്ച കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ചതാണ് കാലതാമസം നേരിടാനിടയാക്കിയത്. കൊല്ലം ഇ ജെ കണ്‍സ്ട്രക്ഷന്‍സാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക ലിഫ്റ്റ് അടക്കം മൂന്ന് ലിഫ്റ്റുകളാണ് കെട്ടിടത്തിലുള്ളത്.

error: Content is protected !!