
തിരുവനന്തപുരം : മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഇന്ത്യ ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരികെ വാങ്ങണമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്. ലെഫ്. കേണല്‍ പദവി ഒഴിവാക്കാന്‍ കോടതിയില്‍ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാന്‍ സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നതിനിടെയാണ് രഘുനാഥിന്റെ വിമര്‍ശനം.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാല്‍ അറിയാതെ ചെയ്‌തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളില്‍ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെന്‍സര്‍ ബോര്‍ഡിലുളളവര്‍ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമര്‍ശിച്ചു.
അതേസമയം, വിമര്‍ശനങ്ങള്‍ക്കിടെ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത് വന്നു. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് രണ്ട് കട്ടുകള്‍ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകള്‍ക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈര്‍ഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശത്തിലുമാണ് കട്ട് നല്‍കിയത്.
ആര്‍എസ്എസ് നോമിനികളായ ബോര്‍ഡ് അംഗങ്ങള്‍ വേണ്ട ഇടപെടല്‍ നടത്തിയില്ലെന്നു സംഘടനയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിവൃത്തത്തില്‍ പൂര്‍ണമായ മാറ്റം നിര്‍ദേശിക്കാന്‍ ആകില്ലെന്നാണ് മറു വാദം ഉയര്‍ന്നത്. അതേസമയം, സിനിമയുടെ സെന്‍സറുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നോമിനുകളുടെ ഇടപെടല്‍ പരിശോധിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്. എന്നാല്‍ സിനിമക്കെതിരെ പ്രചാരണം വേണ്ടെന്നാണ് ബിജെപി നിലപാട്.