Monday, July 14

സ്വന്തം കല്യാണത്തിന് വരൻ എത്തിയത് ‘നാലു കാലിൽ’; വധു പിന്മാറി

സ്വന്തം വിവാഹത്തിന് വരൻ എത്തിയത് അടിച്ചു പൂക്കുറ്റിയായി കാൽ നിലത്തുറക്കാതെ. പണിപ്പെട്ട് കാറിൽ നിന്നിറക്കിയെങ്കിലും വൈദികനോടും പൊലീസിനോടും അസഭ്യം പറഞ്ഞ് വരൻ. വരനെ വേണ്ടെന്ന് യുവതി. ഒടുവിൽ നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി. കോഴഞ്ചേരി തടിയൂരിലാണ് സംഭവം.

വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാർ മനസ്സുമാറ്റി.

വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

error: Content is protected !!