മലപ്പുറം : ഒരു കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്ത വ്യാപാര സ്ഥാപനം വെള്ളപ്പൊക്കത്തില്‍ നശിച്ചിട്ടും ഇന്‍ഷുറന്‍സ് കമ്പനി മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയില്‍ 12,27,522 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. പരപ്പനങ്ങാടി പാലത്തിങ്ങൽ മെട്രോ ട്രേഡിങ് എന്ന സ്ഥാപനം ഉപഭോക്തൃ കമ്മിഷൻ മുമ്പാകെ നൽകിയ പരാതിയില്‍ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കമ്മീഷന്റെ വിധി. പരാതിക്കാരുടെ സ്ഥാപനം 2018 ആഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പെട്ട് പൂർണ്ണമായി നശിച്ചു. പെയിന്റും അനുബന്ധ സാധനങ്ങളും വ്യാപാരം നടത്തിയിരുന്ന സ്ഥാപനം ഒരു കോടി രൂപക്ക് ഇൻഷുർ ചെയ്തിരുന്നതാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് നാശനഷ്ടമായി കണക്കാക്കിയത് 15,98,882 രൂപയായിരുന്നു. എന്നാൽ നഷ്ടപരിഹാരമായി അനുവദിച്ചത് 2,57,899 രൂപ മാത്രമായിരുന്നു. തുടർന്നാണ് സ്ഥാപനം കമ്മീഷൻ മുമ്പാകെ ഹരജി ബോധിപ്പിച്ചത്.
നഷ്ടമായി കണക്കാക്കിയ വസ്തുക്കളുടെ പുനരുപയോഗവും വിപണന സാധ്യതയും കണക്കിലെടുത്ത് 75% വിലയ്ക്ക് അവ ഹരജിക്കാരന് തന്നെ തിരിച്ചു നൽകിയതു കൊണ്ടാണ് മുഴുവൻ സംഖ്യയും അനുവദിക്കാതിരുന്നതെന്ന് ഇന്‍ഷുറന്‍സ് കമ്പനി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു. മാത്രമല്ല, ഹരജിക്കാർ അത് സമ്മതിച്ചിരുന്നുവെന്നും കമ്പനി ബോധിപ്പിച്ചു. എന്നാൽ കമ്മിഷൻ മുമ്പാകെ അത് തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്കായില്ല. തുടർന്നാണ് പരാതിക്കാർക്കനുകൂലമായി കമ്മിഷൻ വിധി പറഞ്ഞത്. ഇൻഷുറൻസ് തുകയായി 11,67,522 രൂപ ഒമ്പത് ശതമാനം പലിശയോടെയും നഷ്ടപരിഹാരമായി അമ്പതിനായിരം രൂപയും കോടതി ചെലവായി പതിനായിരം രൂപയും ഒരു മാസത്തിനകം നല്‍കണമെന്നും അല്ലാത്ത പക്ഷം ഒമ്പത് ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി. വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയിൽ പറഞ്ഞു.