തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചതായി മന്ത്രി

മലപ്പുറം: ഹജ്ജ്‌ തീർത്ഥാടനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടും പേവാനുള്ള അനുമതി ലഭിക്കാതെ തീർത്ഥാടകർ വലയുന്നു എന്ന പത്ര വാർത്ത തികച്ചും വാസ്‌തവ വിരുദ്ധമെന്ന് മന്ത്രി അബ്ദുറഹ്മാൻ അറിയിച്ചു. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയ്യതി ലഭിച്ചു കഴിഞ്ഞു. വെള്ളിയാഴ്‌ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഹജ്ജ്‌ കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്‌. പുതുതായി അവസരം ലഭിച്ച ഏതാനും പേർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതോടെ യാത്രാ തിയ്യതി ലഭിക്കും.

യാത്ര സംബന്ധിച്ച്‌ തീർത്ഥാടകർക്ക്‌ ഒരാശങ്കയും വേണ്ടെന്ന്‌ ഹജ്ജ്‌ തീർത്ഥാടന മന്ത്രി വി അബ്‌ദുറഹിമാൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു വന്ന പത്ര വാർത്ത തീർത്തും അടിസ്ഥാന വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന്‌ മന്ത്രി പറഞ്ഞു. ഇത്തരക്കാരെ കരുതിയിരിക്കണം.

ഹജ്ജ്‌ തീർത്ഥാടകർക്കായി കോഴിക്കോട്‌ നിന്ന്‌ 5 വിമാന സർവീസ്‌ കൂടി അനുവദിച്ചു. ജൂൺ 4 ന്‌ രാവിലെ 5.30 നും രാത്രി 9 മണിക്കും ജൂൺ 5 ന്‌ ഉച്ചയ്‌ക്ക്‌ ഒന്നരയ്‌ക്കും ജൂൺ ആറിന്‌ രാവിലെ അഞ്ചരയ്‌ക്കും രാത്രി ഒമ്പതിനുമാണ്‌ എയർ ഇന്ത്യയുടെ അധിക സർവീസുകൾ. യാത്രക്കാർക്ക്‌ ഏറ്റവും നല്ല സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളതെന്നും ഒരാശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!