തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയിച്ചതിനു പിന്നാലെ സത്യ പ്രതിജ്ഞ തിയ്യതി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ.
37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മന്‍ തോല്‍പ്പിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായി ഔദ്യോഗികഫലം പുറത്തുവന്നപ്പോള്‍ ചാണ്ടി ഉമ്മന് 80144 വോട്ടും ജെയ്ക്ക് സി തോമസിന് 42425 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ 6558 വോട്ട് നേടി. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ നേടിയത്. യുഡിഎഫിന്റെ 41 എം എല്‍ എ മാരില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ചാണ്ടി ഉമ്മനാണ്. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇനി ചാണ്ടി ഉമ്മന്റെ പേരിലാണ്.
ഉമ്മന്‍ചാണ്ടിയോടുള്ള വികാരത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പില്‍, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്റെത്. പോള്‍ ചെയ്ത വോട്ടുകളുടെ 61 ശതമാനവും വാരിക്കൂട്ടിയ ചാണ്ടി ഉമ്മന്‍ യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 14,726 വോട്ടുകള്‍ കൂട്ടി. പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിലും ചാണ്ടി ഉമ്മന് തന്നെയായിരുന്നു ലീഡ്. മീനടം പഞ്ചായത്തിലെ പുതുവയല്‍ 153-ാം ബൂത്തില്‍ മാത്രമാണ് ജെയ്കിന് ലീഡ് ചെയ്യാന്‍ കഴിഞ്ഞത്. അവിടെ 15 വോട്ട് ലീഡാണ് ജെയ്ക്കിന് ലഭിച്ചത്.
പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ചാണ്ടി ഉമ്മന്‍ ബഹുദൂരം പിന്നിലാക്കി. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നല്‍കിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മന്‍ചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മന്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ലെന്നത് ശ്രദ്ധേയമാണ്.
പുതുപ്പള്ളിയില്‍ അപ്പയുടെ പതിമൂന്നാം വിജയമാണെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ നിറഞ്ഞ സ്‌നേഹത്തിന് വലിയ നന്ദിയുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പിതാവിനെ പോലെ താനും പുതുപ്പള്ളഇയുടെ കയ്യെത്തും ദൂരത്തുണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ആരോപണങ്ങളെല്ലാം പുതുപ്പള്ളി തള്ളിക്കളഞ്ഞു. ഭരണവിരുദ്ധവികാരത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ കണ്ടതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു.