ലോകത്തെ ആദ്യ ആഗോള പൗരസഭയില്‍ പൊന്നാനിയിലെ ജനങ്ങളും

പൊന്നാനി : പൊന്നാനിയിലെ ജനങ്ങള്‍ ഭൂമിയുടെ ഭാവിക്കായി ലോകനേതാക്കള്‍ക്ക് വഴി കാട്ടാന്‍ സജ്ജരായി. പൊന്നാനിയിലെ വിവിധ ഉപജീവന മാര്‍ഗങ്ങളിലേര്‍പ്പെടുന്ന സാധാരണ ജനങ്ങളുടെ ശബ്ദവും കാലാവസ്ഥ-പാരിസ്ഥിതിക പ്രതിസന്ധികളോട് എങ്ങിനെ പ്രതികരിക്കണമെന്നതില്‍ ലോകനേതാക്കളെ നയിക്കാനായി രൂപപ്പെട്ട ലോകത്തിലെ ആദ്യ ആഗോള പൗരസഭയുടെ(ഗ്ലോബല്‍ സിറ്റിസണ്‍ അസംബ്ലി) ഭാഗമായി. അസംബ്ലിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി ഇഴുവത്തിരുത്തിയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കമ്യൂണിറ്റി അസംബ്ലിയില്‍ 25 അംഗങ്ങള്‍ പങ്കെടുത്തു. മാനവികതയ്ക്ക് എങ്ങിനെ ഏറ്റവും നീതിയുക്തവും ഫലപ്രദവുമായ രീതിയില്‍ കാലാവസ്ഥ-പാരസ്ഥിതിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യാമെന്നതായിരുന്നു കമ്യൂണിറ്റി അസംബ്ലിയിലെ ചര്‍ച്ച. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നത് സ്ത്രീകളിലായതുകൊണ്ട് തന്നെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് സി.ഡി.എസ് ചെയര്‍പേഴസണ്‍ ധന്യ വ്യക്തമാക്കി. കാലാവസ്ഥാ പ്രതിസന്ധി നേരിടുന്നതിന്റെ ഉത്തരവാദിത്വം ഓരോ വ്യക്തികളും ഏറ്റെടുക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയിലുള്ള കാലാവസ്ഥാവബോധം വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാമെന്ന് ചെറുകിട സംരംഭകയായ അസംബ്ലി അംഗം അഞ്ചലി പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി പ്രവര്‍ത്തനങ്ങളില്‍ വ്യക്തിഗത തലത്തില്‍ മാറ്റങ്ങള്‍ വരുത്താമെങ്കിലും വലിയ മാറ്റങ്ങള്‍ക്ക് സാമൂഹിക തലത്തിലുള്ള മാറ്റങ്ങള്‍ അനിവാര്യമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനായുള്ള മാര്‍ഗങ്ങള്‍ അതതു സര്‍ക്കാരുകളുമായി കൂടിയാലോചിക്കണമെന്ന് പൊന്നാനി മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍ ധന്യ എന്‍.വി ധന്യ ഓര്‍മ്മിപ്പിച്ചു. കടല്‍ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയസമയങ്ങളില്‍ വീടുകളില്‍ വെള്ളം കയറുകയും പ്രസ്തുത സമയങ്ങളില്‍ പ്രദേശത്ത് നിന്നും മാറി താമസിക്കേണ്ടി വരികയും കുടിവെള്ളത്തിന്റെ പ്രയാസങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിനായത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയര്‍ന്നാല്‍ തീരദേശ വാസികളുടെ ജീവിതം അനുഭവിക്കുന്ന ക്ലേശങ്ങളുടെ വ്യാപ്തി അസംബ്ലി അംഗങ്ങള്‍ പങ്കുവെക്കുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ലോകത്തിനു തന്നെ മാതൃകയായി ഗ്ലോബല്‍ അസംബ്ലിയുടെ ഭാഗമായി നടത്തുന്ന കമ്യൂണിറ്റി അസംബ്ലികള്‍ നല്‍കുന്ന അറിവുകള്‍ വിലമതിക്കാനാവാത്തതാമെന്ന് പൊന്നാനി എം.ഇ.എസ് ഹൈസ്‌ക്കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്വിമ നിന്‍ഷ പറഞ്ഞു. ചര്‍ച്ചയില്‍ നിന്നുള്ള വ്യത്യസ്തവും വിഭിന്നവുമായ അഭിപ്രായങ്ങളും പ്രതികരണങ്ങളുമെല്ലാം 2022 മാര്‍ച്ചില്‍ ലോകനേതാക്കള്‍ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ ഭാഗമാകുമെന്ന് ഫാത്തിമ നസ്രിന്‍ അറിയിച്ചു.

error: Content is protected !!