കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും ; അറിയാം ചരിത്രവും, വിശേഷങ്ങളും

മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവത്തിനുള്ള പൊയ്ക്കുതിര സംഘങ്ങള്‍ ഇന്ന് മുതല്‍ ഇറങ്ങും. കുരുത്തോല, മുള, വാഴനാര്, എന്നിവയ്ക്കൊപ്പം വെള്ള, കറുപ്പ്, ചുവപ്പ് തുണികള്‍ ഉപയോഗിച്ച് പൊയ്ക്കുതിര കെട്ടി പെരുമലയന്‍ എല്ലാ ദിവസവും ദേവിക്കു മുമ്പില്‍ കാണിക്കുന്നു. ഇതിനുള്ള വാദ്യം പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പഴഞ്ചെണ്ടകളാണ്.

ഇടവത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കളിയാട്ട മഹോത്സവത്തിന് കാപ്പൊലിച്ചത്. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തന്‍ ക്ലാരിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ചടങ്ങു നടന്നത്. കളിയാട്ടം നടത്തുന്നതിനുള്ള അനുവാദം ചോദിച്ച മൂത്തവൈദ്യര്‍ക്ക് ക്ഷേത്രകാരണവര്‍ വിളിവെള്ളി കൃഷ്ണന്‍കുട്ടി നായര്‍ ഉത്സവത്തിനുള്ള അനുവാദം നല്‍കി. നൂറുകണക്കിനാളുകളാണ് കാപ്പൊലിക്കല്‍ച്ചടങ്ങിന് സാക്ഷിയായത്.

കളിയാട്ടം മതസൗഹാര്‍ദവും സാഹോദര്യവും വിളിച്ചോതി ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉത്സവമാണ്. കോഴിക്കളിയാട്ടത്തിന് പൊയ്ക്കുതിരകളുമായി ആയിരങ്ങള്‍ കളിയാട്ടക്കാവിലെത്താറുണ്ട്. പൊയ്ക്കുതിരസംഘങ്ങള്‍ ഊരുചുറ്റുന്നത് ഇന്ന് ആരംഭിക്കും. പൊയ് കുതിര വരവ് അസ്തമയത്തിന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ പൊയ്ക്കുക്കുതിര സംഘങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്ഷേത്രം കാരണവര്‍ വിളി വെള്ളി കൃഷ്ണന്‍കുട്ടി നായര്‍, റിസീവര്‍മാരായ അഡ്വ പി വിശ്വനാഥന്‍, അഡ്വ പ്രകാശ് പ്രഭാകര്‍ എന്നിവര്‍ അറിയിച്ചിരുന്നു.

സന്ധ്യയോടു കൂടി തെക്കന്‍ വാതിലില്‍ തിരുമുടി കെട്ടി തിരുമുടിയേന്തി തോറ്റംപാട്ടില്‍ സംപ്രീതയായി ഭഗവതിയുടെ നര്‍ത്തനമായി വെളിച്ചപ്പാട് തുള്ളലും ഉണ്ടാകുന്നു. ഇത് വേലന്‍ പെരുമണ്ണാന്‍ സമുദായക്കാര്‍ ആണ് നിര്‍വഹിക്കുക. കാവിലമ്മയുടെ അപദാനങ്ങള്‍പാടി നൃത്തംവച്ച് വഴി നിറഞ്ഞൊഴുകുന്ന പൊയ്ക്കുതിര സംഘങ്ങള്‍ കോഴിക്കളിയാട്ടത്തിന്റെ വിസ്മയക്കാഴ്ചകളാണ്.

തെക്കന്‍ വാതിലില്‍ താലപ്പൊലി എടുക്കല്‍, പന്തീരായിരത്തിന് ദ്രവ്യങ്ങളൊരുക്കല്‍, ദേവിയുടെ എഴുന്നള്ളത്തിന് നടത്തം ചൊല്ലല്‍ തുടങ്ങിയവ വേറൊരു വിഭാഗക്കാര്‍ നിര്‍വഹിക്കും. കളിയാട്ടത്തിനു വേണ്ടി പാലമരം മുറിക്കല്‍, ഇളമരം നാട്ടല്‍, പൂജാപാത്രങ്ങള്‍ മുതലായ സാമഗ്രികളുണ്ടാക്കല്‍ ആശാരിവിഭാഗക്കാരും മൂഹൂര്‍ത്തം കുറിക്കുന്നതും ഫലം പറയുന്നതും രാശിപ്പണിക്കരും പെരിങ്കൊല്ലന്‍ തന്റെ പങ്കും ഉത്സവത്തിനായി നിര്‍വഹിക്കും. പൂജാദ്രവ്യങ്ങള്‍ ഒരുക്കുന്നത് ഊരാളകുടുംബത്തിലെ വ്രതശുദ്ധിയുള്ള സ്ത്രീകളാണ്. ഒരു ദിവസത്തേക്ക് നൂറ്റി ഒന്ന് ഇടങ്ങഴി നെല്ലുകൊണ്ടുള്ള അരി, അവില്‍, മലര്‍, തവിട് എന്നിവയും ചാന്തിന് ആവശ്യമായത്രയും മഞ്ഞള്‍ പൊടിയും കുത്തി ഒരുക്കേണ്ടത് ശ്രമകരമായ ദൗത്യമാണ്.

കളിയാട്ടത്തിലെ മുഖ്യ ആകര്‍ഷണം പന്ത്രണ്ടാം ദിവസത്തെ കോഴിക്കളിയാട്ടമാണ്. ഇതിന് പകല്‍ കളിയാട്ടമെന്നും പറയുന്നു. ഭക്തര്‍ നേര്‍ച്ചക്കോഴികളെ കൊണ്ടു വന്ന് പ്രദക്ഷിണ വഴിക്ക് പുറത്തുള്ള ബലിത്തറയില്‍ കുരുതി നല്‍കും. ഇതിന് അവകാശികള്‍ നേരത്തേ തയ്യാറായി നില്‍ക്കും. കീഴാള മക്കള്‍ക്കാണ് പൊയ്ക്കുതിര കെട്ടി ഇറക്കാനുള്ള അവകാശം. കളിയാട്ടം ആരംഭിച്ചാല്‍ വീടുകളില്‍ കൊട്ടിപ്പാട്ടും കുതിര നിര്‍മാണവുമാണ്. കുതിരപ്പാട്ട് നേരം പുലരും വരെ നടത്തി ഭക്തിയുടെ പാരമ്യത്തില്‍ ഈ ദിവസം കാവിലെത്തും ചെറുതും വലുതുമായ സംഘങ്ങള്‍. നൂറുകണക്കിന് കുതിരകളുമായി പ്രദക്ഷിണം ചെയ്ത് ആചാരങ്ങള്‍ നടത്തും.ആറ് മണിയോടെ വരവുകള്‍ അവസാനിച്ചാല്‍ പതിവു പോലെ രാത്രി കളിയാട്ടം തുടങ്ങും. ഇങ്ങനെ പതിനേഴ് നാള്‍ കളിയാട്ടം.

കോഴിക്കളിയാട്ട ദിവസത്തെ കാര്‍ഷിക ചന്ത മറ്റൊരു കാഴ്ചപ്പൂരമാണ്. വിത്തും വിളകളും, കൃഷി മത്സ്യബന്ധന ഉപകരണങ്ങള്‍, അനുബന്ധസാമഗ്രകളുടെ ശേഖരം ഉള്‍പ്പെടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ വരെ ഇവിടെ വിപണി തേടും. കളിയാട്ടക്കാവിലമ്മയുടെ അനുഗ്രഹനിഗ്രഹശക്തി തിരിച്ചറിഞ്ഞവര്‍ വര്‍ഷാവര്‍ഷം ഇവിടെ എത്തുക തന്നെ ചെയ്യും.

error: Content is protected !!