ആശുപത്രി ഇരുട്ടിൽ കഴിയുമ്പോൾ എച്ച് എം സി അംഗങ്ങൾ ടൂറിലെന്ന്
തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ 4 മാസമായിട്ടും നന്നാക്കാത്തതിനാൽ വൈദ്യുതി മുടങ്ങിയാൽ ആശുപത്രി ഇരുട്ടിൽ. ഇന്നലെ വൈകുന്നേരം മുതലാണ് ആശുപത്രി ഇരുട്ടിലായത്. ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റ് വാഹനമിടിച്ച് തകർന്നിരുന്നു. ഇതോടെ പരിസരത്തെല്ലാം വൈദ്യുതി മുടങ്ങി. ആശുപത്രിയിലും വൈദ്യുതി മടങ്ങിയിരുന്നു. ഐ. സി യു, കാഷ്വാലിറ്റി ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഇൻവേർട്ടർ ഉണ്ടായിരുന്നെങ്കിലും ചിലത് നിശ്ചിത സമയം കഴിഞ്ഞപ്പോൾ നിശ്ചലമായി. വാർഡുകളിൽ ഉൾപ്പെടെ ഇരുട്ടായി. രോഗികളുടെ കൂടെയുള്ളവരുടെയും ജീവനക്കാരുടെയും മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ചികിത്സ നടത്തിയത്. വൈദ്യുതി ഇല്ലാത്തതിനാൽ രോഗികളും ജീവനക്കാരും ഒരുപോലെ പ്രയാസപ്പെട്ടു.
അതേ സമയം ആശുപത്രി ഇരുട്ടിൽ കഴിയുമ്പോഴും എച്ച് എം സി അംഗങ്ങളും ജീവനക്കാരും ടൂർ പോയിരിക്കുകയാണെന്നു ആം ആദ്മി ഭാരവാഹികൾ ആരോപിച്ചു. നേരത്തെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ താൽക്കാലിക പരിഹാരം കണ്ടിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ ഇന്നലെ രോഗികളും ജീവനക്കാരും പ്രയാസപ്പെട്ടു എന്നും ഇവർ ആരോപിച്ചു. എന്നാൽ, മികച്ച നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെ പ്രവർത്തനം നേരിട്ടറിയനായി സംഘം സന്ദർശനം നടത്തുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നേരത്തെ തീരുമാനിച്ചതായിരുന്നു എന്നും ഇവർ പറഞ്ഞു.