എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുമാണ് യഥാര്‍ത്ഥ കേരള സ്റ്റോറി ; മുഖ്യമന്ത്രി

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പരിപ്രേക്ഷ്യവും കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുമാണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം കേരളത്തിന്റെ വികസന ഗാഥയുടെ ആഘോഷങ്ങള്‍ക്കുള്ള വേളയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയര്‍ത്തിയതാണ് ഇന്നത്തെ കേരളം. സാമൂഹിക നീതിക്കായും തുല്യതക്കായും ഐതിഹാസിക പോരാട്ടങ്ങളുയര്‍ന്നു വന്ന മണ്ണാണിത്. ഉന്നതമായ അവകാശബോധവും സഹജീവി സ്‌നേഹവുമുള്ളൊരു ജനതയെ വാര്‍ത്തെടുക്കാന്‍ ഈ ജനകീയപോരാട്ടങ്ങള്‍ക്ക് സാധിച്ചു. ഭൂമിക്കായുള്ള സമരങ്ങള്‍ക്കും തൊഴിലവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ ശേഷിയുള്ള പുരോഗമന രാഷ്ട്രീയവും ഇവിടെ വളര്‍ന്നു വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള സമൂഹത്തിന് ദിശാബോധം നല്‍കാനും മുന്നോട്ടുനയിക്കാനും ശേഷിയുള്ള സര്‍ക്കാരുകളും ഇവിടെയുണ്ടായി. ആദ്യ ഇഎംഎസ് സര്‍ക്കാര്‍ തുടക്കമിട്ട പല വിപ്ലവാത്മക പരിഷ്‌കാരങ്ങളും ആധുനിക കേരള സൃഷ്ടിയില്‍ മുഖ്യപങ്ക് വഹിച്ചു. ആ ജനകീയ പാരമ്പര്യം കാത്തുസൂക്ഷിക്കാനും കേരളസമൂഹത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റിത്തീര്‍ക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. മാനവികതയിലും സാമൂഹികനീതിയിലും സാങ്കേതിക നൈപുണ്യത്തിലുമൂന്നിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കണം. ഇതിനായി ജനകീയ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!