
കോഴിക്കോട് : ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്ക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കും. ഉത്തര മേഖല ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നും ഡിജിപി വ്യക്തമാക്കി.
പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ടൗണ്‍, മെഡിക്കല്‍ കോളേജ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരും, റൂറല്‍ എസ്എസ്ബി ഡിവൈഎസ്പി എന്നിവര്‍ എലത്തൂര്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതിനിടയില്‍, അക്രമിയുടേതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാട്ടിലപ്പീടികയിലെ ഒരു പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.ചുവപ്പ് കള്ളി ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ചു നില്‍ക്കുന്ന യുവാവ് ഫോണില്‍ സംസാരിക്കുന്നതും ഒരു സ്‌കൂട്ടറില്‍ കയറി പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രാക്കില്‍ നിന്നും കണ്ടെത്തിയിരുന്നു. പെട്രോള്‍ അടങ്ങിയ കുപ്പി, ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, രണ്ട് മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ടിഫിന്‍ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗില്‍ നിന്ന് കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രി 9.11ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് സംഭവം. അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ട്രാക്കില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു. മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത് സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകള്‍ രണ്ട് വയസുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്.
പി.സി.ലതീഷ്, ജ്യോതീന്ദ്രനാഥ്, പ്രകാശന്‍ എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. റൂബി, അശ്വതി, അനില്‍കുമാര്‍, ഭാര്യ സജിഷ, അദ്വൈത് എന്നീ 5 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. പരിക്കേറ്റ ഒമ്പതാമത്തെയാള്‍ റാസിഖ് കൊയിലാണ്ടിയിലായിരുന്നു ചികിത്സ തേടിയത്.