തൃശൂര്‍: ഓട്ടുപാറയില്‍ അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ പിതാവിനും ഗര്‍ഭിണിയായ മാതാവിനും പരിക്കേറ്റു. മുള്ളൂര്‍ക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്. ഫാത്തിമയുടെ മാതാവും ഗര്‍ഭിണിയുമായ റൈഹാനത്തിനും (26) കുട്ടിയുടെ പിതാവ് ഉനൈസിനും (31) പരിക്കേറ്റിട്ടുണ്ട്. ഗര്‍ഭിണിയായ റൈഹാനത്തിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റത്. ഇരുവരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം.
അമിത വേഗതയിലെത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്‌സ് ഓട്ടോയുടെ പിന്നില്‍ വന്നിടിക്കുകയായിരുന്നു. വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ ഓട്ടോയില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നാല് വയസുകാരി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.