ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മാറി: മന്ത്രി വി. അബ്ദുറഹിമാൻ

ലോക രാജ്യങ്ങളോട് കിടപിടിക്കുന്ന വിധം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം മാറിയെന്നും ലോകത്തെ ഏതുരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളോടും മത്സരിക്കാൻ കേരളത്തിലെ കുട്ടികൾ പ്രാപ്തി നേടിയതായും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കൽപകഞ്ചേരി ഗവ. വി.എച്ച്.എസ് സ്‌കൂളിൽ നടന്ന ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകോത്തര നിലവാരമുള്ള ഹൈടെക് ക്ലാസ് മുറികളും മറ്റ് പഠന സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. പൊതു വിദ്യാഭാസ രംഗത്തുണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ ഏതൊരാൾക്കും അനുഭവത്തിലൂടെ മനസ്സിലാക്കാനാവും. ലാഭകരമല്ലെന്ന കാരണത്താൽ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്ന നയമല്ല സർക്കാർ സ്വീകരിച്ചത്, മറിച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. ഐ.ടി.ഐ ഉൾപ്പടെ അനുബന്ധ കോഴ്‌സുകൾ കൂടി പരിഗണിക്കുമ്പോൾ ജില്ലയിൽ പത്താം തരം കഴിഞ്ഞ എല്ലാവർക്കും ഉന്നത പഠനത്തിന് അവസരം ലഭിക്കുന്ന സാഹചര്യമാണുള്ളത്. പ്ലസ് വൺ പ്രവേശനത്തിന് അധികമായി അനുവദിച്ച 20 ശതമാനം സീറ്റിന് പുറമെ മറ്റ് ജില്ലകളിൽ ഒഴിവ് വരുന്ന ബാച്ചുകൾ കൂടി ജില്ലയിലേക്ക് കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിൽ ഒരുക്കിയ അക്കാദമിക മികവ് പ്രദർശനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരവും ‘ലഹരിമുക്ത കേരളം’ എന്ന സന്ദേശത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾ നിർമിച്ച 1000 പേപ്പർ പേനകളും മന്ത്രിയും എം.എൽ.എയും ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ, ഹയര്‍സെക്കന്‍ഡറി മേഖലാ ഉപ ഡയറക്ടര്‍ ഡോ. പി.എം അനിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.പി രമേഷ് കുമാർ, വി.എച്ച്.എസ്.ഇ അസി. ഡയറക്ടര്‍ എം. ഉബൈദുല്ല, ഡയറ്റ് പ്രിൻസിപ്പൽ ടി.വി ഗോപകുമാർ, സമഗ്ര ശിക്ഷ കേരള ഡി.പി.സി പി. മനോജ് കുമാർ, ഡി.പി.ഒ സുരേഷ് കൊളശ്ശേരി, കൈറ്റ് ജില്ലാ കോർഡിനേറ്റർ അബ്ദുൽ റഷീദ്, നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോർഡിനേറ്റർ ബി. ഹരികുമാർ, അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ ഇസ്ഹാഖ്, കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സി.പി ജുബൈരിയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. സാഹിറ, വാർഡ് മെമ്പർ സുഹറാബി, എന്നിവർ സംസാരിച്ചു

error: Content is protected !!