അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി ; കേരളത്തിലേക്ക് മടങ്ങാം

ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. കൊല്ലം പൊലീസ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി അറിയിച്ചു. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിന് കൈമാറണമെന്നും സുപ്രീം കോടതി ജാമ്യവ്യവസ്ഥ ഇളവ് ചെയ്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലേക്ക് പോകാന്‍ നേരത്തെ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും പിതാവിനെ കാണാന്‍ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാന്‍ വീണ്ടും അനുമതി നല്‍കണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്ടു. അതുപോലെ തന്റെ സുരക്ഷാ മേല്‍നോട്ടം കേരള പൊലീസിനെ ഏല്‍പിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ ചെലവ് താങ്ങാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

മഅദനിക്കെതിരായ കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മഅദിനയുടെ ഹര്‍ജിയിലെ വാദങ്ങള്‍ കൂടി പരിഗണിച്ച് സുപ്രീം കോടതി ജാമ്യം ഇളവ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടര്‍ന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് മഅദനി കേരളത്തിലെത്തിയത്. മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി ഇളവ് നല്‍കിയെങ്കിലും സുരക്ഷാ ചെലവിനായി കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു.

error: Content is protected !!