താനൂർ : വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ താനൂർ പൊലീസിന്റെ പിടിയിൽ. കോറാട് സ്വദേശി പൈനാട്ടിൽ നൗഫലാ(23)ണ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് വെള്ളിയാമ്പുറം ക്ഷേത്രത്തിൽ മോഷണം നടത്തിയത്. പതിനായിരം രൂപയോളമാണ് നഷ്ടമായത്. ക്ഷേത്രം സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്തിൽ സിഐ വിജയരാജൻ, താനൂർ ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ പ്രമോദ്, സിപിഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.