
കോഴിക്കോട് : എ.ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പിഴക്കുള്ള നോട്ടീസ് അയയ്ക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകാറുണ്ടെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നോട്ടീസ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്ന് പറഞ്ഞ് നിയമലംഘനം സാധൂകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൃത്യമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ലഭിക്കാന്‍ കാലതാമസമുണ്ടായതു കാരണം ഭീമമായ പിഴത്തുക അടയ്‌ക്കേണ്ടി വന്നു വെന്ന പരാതിയില്‍ ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോഴിക്കോട് ആര്‍.റ്റി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് കേസ് തീര്‍പ്പാക്കി.
എ.ഐ ക്യാമറ നിയമലംഘനം കണ്ടെത്തുമ്പോള്‍ തന്നെ ഇ-ചെല്ലാന്‍ സ്വയമേവ പുറപ്പെടുവിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നടപടികള്‍ പൂര്‍ത്തിയായാല്‍, വാഹന ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് പോകും. തുടര്‍ന്ന് ചെല്ലാന്‍ കോപ്പിയും നിയമലംഘനത്തിന്റെ ഫോട്ടോയും വാഹന ഉടമയ്ക്ക് അയച്ചുകൊടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.