ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ അംബാസിഡര്‍മാരാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രഥമ ടോപ്പേഴ്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പഠിച്ച കോളേജിനേക്കാള്‍ ബിരുദം നല്‍കിയ സര്‍വകലാശാലയുടെ പേരിലാകും വിദ്യാര്‍ഥികളുടെ ഭാവി പഠനങ്ങളും നേട്ടങ്ങളുമെന്നും അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് വൈസ് ചാന്‍സലര്‍ പറഞ്ഞു.
വിവിധ യു.ജി. / പി.ജി. / പ്രൊഫഷണല്‍ കോഴ്സുകളില്‍ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങള്‍ കരസ്ഥമാക്കി 2023 വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ 177 പേരാണ് പുരസ്‌കാര ജേതാക്കൾ. ബി.കോം. ആറ് പേര്‍, ബി.എസ് സി. 28, ബി.എ. 39, പ്രൊഫഷണല്‍ കോഴ്‌സ് 12, പി.ജി. 82, ബി.കോം. (വിദൂരവിഭാഗം) – രണ്ട്, ബി.എ. (വിദൂരവിഭാഗം) – എട്ട് എന്നിങ്ങനെയാണ് അവാര്‍ഡിന് അര്‍ഹരായവര്‍.
ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, ജോ. രജിസ്ട്രാര്‍ വി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.