
മഞ്ചേരി : സര്‍ക്കാറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളജില്‍ 12.81 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രായോഗിക പരിശീലനത്തോടൊപ്പമുള്ള വിദ്യാഭ്യാസം നേടുന്നതിലൂടെ നിരവധിപേര്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. അത്തരത്തില്‍ സംസ്ഥാനത്തുള്ള തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നൈപുണ്യ വിടവ് നികത്തുന്നതിനുമുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഉന്നത വിദ്യാഭ്യാസരംഗത്തും നടന്നുവരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നത് കേവലം തൊഴില്‍ അന്വേഷകര്‍ ആവാതെ തൊഴില്‍ദായകരും തൊഴില്‍ സൃഷ്ടാക്കളുമായി വളരും എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
നൈപുണ്യവികസനത്തിലധിഷ്ഠിതമായ പുതുതലമുറ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്കാണ് ഉന്നത വിദ്യഭ്യാസ മേഖല ഊന്നല്‍ നല്‍കുന്നത്. സ്‌കില്‍ ഡെവലപ്പ്മെന്റ് പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് തന്നെ മികച്ച സംരംഭകരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമകരമായ പദ്ധതികള്‍ക്കാണ് ഇനിയുള്ള ഘട്ടങ്ങളില്‍ ഊന്നല്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജില്‍ അക്കാദമിക് ബ്ലോക്ക്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വര്‍ക്ക്ഷോപ്പ്്, എ ആന്‍ഡ് ബി ബ്ലോക്ക് എന്നിവ നിര്‍മിച്ചിട്ടുള്ളത്. 10 കോടി രൂപയാണ് അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിന് ചെലവഴിച്ചത്. നബാര്‍ഡിന്റെ 2.81 കോടി രൂപ ചെലവിലാണ് മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ് ബ്ലോക്കുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഹൈടെക് ക്ലാസ് മുറികള്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള ലാബ്, വര്‍ക്ക് ഷോപ്പ്, ലബോറട്ടറികള്‍, കോമണ്‍ കമ്പ്യൂട്ടര്‍ ഫെസിലിറ്റി സെന്റര്‍, ഫിറ്റ്നസ് സെന്റര്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് അക്കാദമിക് ബ്ലോക്ക്.
2021 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍മാണത്തില്‍ കാലതാമസം നേരിട്ടെങ്കിലും പിന്നീട് സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തികരിച്ച് കെട്ടിടം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറി.
കരുവമ്പുറത്ത് ഗവ. ടെക്നിക്കല്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള അഞ്ച് ഏക്കറിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 8520 ചതുരശ്ര അടിയിലാണ് അക്കാദമിക് കെട്ടിടം. പൊതുമരാമത്ത് വകുപ്പിനായിരുന്നു പ്രവൃത്തികളുടെ മേല്‍നോട്ട ചുമതല. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ ക്ലാസ് മുറികള്‍, ലാബുകള്‍, സ്റ്റാഫ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ഡ്രോയിങ് റൂം, ശുചിമുറി കോംപ്ലക്സ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
നിലവില്‍ സിവില്‍, മെക്കാനിക്, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് എന്നീ വിഭാഗത്തിലായി 550 വിദ്യാര്‍ഥികളാണ് ക്യാമ്പസില്‍ പഠിക്കുന്നത്. പുതിയ കെട്ടിടങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തുറന്നു നല്‍കുന്നതോടെ ക്യാമ്പസില്‍ ഉണ്ടായിരുന്ന ഒട്ടേറെ പരിമിതികള്‍ക്ക് പരിഹാരമാകും.
കോളജില്‍ നടന്ന ചടങ്ങില്‍ അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ അധ്യക്ഷനായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ടി.പി ബൈജു ബായ്, മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം സുബൈദ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ പി.ബീന, കണ്‍ട്രോളര്‍ ഓഫ് ടെക്നിക്കല്‍ എക്സാമിനേഷന്‍ എം. രാമചന്ദ്രന്‍, റീജിണല്‍ ജോയിന്റ് ഡയറക്ടര്‍ കെ.എം രമേശ്,കോളേജ് പ്രിന്‍സിപ്പല്‍ എസ് ആര്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.