കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി മര്‍ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭര്‍തൃവീട്ടില്‍നിന്നു പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുലിനെതിരെ പരാതി നല്‍കി യുവതി. രാഹുല്‍ മര്‍ദിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പന്തീരാങ്കാവ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രാത്രിയാണ് നീമയെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറും വനിത എഎസ്‌ഐയും രാത്രി ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്തുനിന്നു മാതാപിതാക്കള്‍ എത്തിയാല്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ സൗകര്യം നല്‍കണമെന്നു യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ആശുപത്രിയില്‍നിന്നു നല്‍കിയ വിവരം അനുസരിച്ചാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ പരാതി നല്‍കാന്‍ യുവതി തയാറായിട്ടില്ല. അതിനാല്‍ ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പൊലീസ് അറിയിച്ചു.
നേരത്തെ, പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവതി പൊലീസെത്തിയപ്പോഴാണ് പരാതിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ പരാതിയുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും വ്യക്തമാക്കി യുവതിയുടെ അച്ഛന്‍ രംഗത്തെത്തിയിരുന്നു. നേരത്തെ, പെണ്‍കുട്ടി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍, താനും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു അതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
ഭര്‍ത്താവിനെതിരെ പരാതി നല്‍കിയെങ്കിലും പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. നേരത്തേ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തില്‍ പൊലീസ് നടപടിയില്‍ വീഴ്ച ഉണ്ടായെന്ന വിമര്‍ശനത്തിലും വനിതാ കമ്മിഷന്‍ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാരെ ഐജി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പ് ഹര്‍ജിയില്‍ കഴിഞ്ഞ രണ്ടുമാസം മുന്‍പാണ് കേസ് കോടതി റദ്ദാക്കിയത്.