
മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ പടിക്കൽ ഈങ്ങലത്ത്–പെരുമ്പിലാവ് ഇടവഴിക്ക് സമീപം ദേശീയപാതയുടെ വശത്തെ ഡ്രൈനേജിൽ അജ്ഞാതർ കക്കൂസ് മാലിന്യവും മണ്ണെണ്ണയും തള്ളിയതിനെ തുടർന്ന് മലിനജലം സമീപത്തെ പാടത്തേക്ക് ഒഴുകി നെൽകൃഷിക്ക് നാശം സംഭവിച്ചു.
ദേശീയപാതയുടെ വശത്തെ ഡ്രൈനേജിലൂടെ ഒഴുകിയെത്തിയ മലിനജലമാണ് കൃഷിയിടത്തിലേക്ക് വ്യാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ചുമതലയുള്ള രവീന്ദ്രൻ, വാർഡ് അംഗം സി അഷ്റഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെയും ദേശീയപാതയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മാലിന്യം തള്ളിയവരെ കണ്ടെത്തിയാൽ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഡ്രൈനേജുകളിലും പൊതുസ്ഥലങ്ങളിലും മനുഷ്യവിസർജ്യവും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് പൊതുജനാരോഗ്യത്തിനും കൃഷിക്കും പരിസ്ഥിതിക്കും ഗുരുതര ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് പഞ്ചായത്ത് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.