പണമില്ലെന്ന് പറഞ്ഞ് നിക്ഷേപകരെ മടക്കി അയച്ച് തെന്നല സര്‍വീസ് ബാങ്ക് ; പ്രതിസന്ധിയിലായി നിക്ഷേപകര്‍ ; യുഡിഎഫ് ഭരണ സമിതിക്കെതിരെ തട്ടിപ്പ് ആരോപണം

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : യുഡിഎഫ് ഭരിക്കുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. മക്കളുടെ കല്യാണത്തിനും ആശുപത്രി ആവശ്യത്തിനുമായി വരുന്നവരെയൊക്കെ പണമില്ലെന്ന കാരണം പറഞ്ഞ് മടക്കുകയാണ് ബാങ്ക് അധികൃതര്‍. കൂടാതെ രോഗികള്‍ക്ക് ആശുപത്രിയില്‍ നല്‍കാനുള്ള തുക പോലും കിട്ടാതായതോടെ നിക്ഷേപകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തില്‍ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ക്ക് നിക്ഷേപകര്‍ പരാതി നല്‍കി.

കല്യാണ, ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാന്‍ എത്തുന്നവരെയടക്കം പണമില്ലെന്ന കാരണം പറഞ്ഞ് മടക്കിയയക്കുകയാണ്. ആവശ്യത്തിന് പണം പിന്‍വലിക്കാനായി എത്തുമ്പോള്‍ അക്രമസംഭവങ്ങളും ഉണ്ടാകുന്നുവെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞയാഴ്ച രോഗിയായ സ്ത്രീ 2000 രൂപ പിന്‍വലിക്കാന്‍ വന്നപ്പോള്‍ പോലും ബാങ്ക് അനുവദിച്ചില്ല. ദിവസവേതനക്കാരും ഗള്‍ഫില്‍ നിന്ന് സ്വരുക്കൂട്ടി പണം നിക്ഷേപിച്ചവരുമെല്ലാം അത്യാവശ്യത്തിന് തുക ചോദിക്കുമ്പോള്‍ ബാങ്ക് കൈമലര്‍ത്തും.

യുഡിഎഫാണ് കാലങ്ങളായി ബാങ്ക് ഭരിക്കുന്നത്. അനധികൃതമായി വായ്പകള്‍ നല്‍കിയത് തിരിച്ചടക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മുന്‍ ഭരണസമിതി നടത്തിയ ക്രമക്കേടിനെത്തുടര്‍ന്ന് ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും നടപ്പിലായില്ല. ബാങ്കിന്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണമെന്നും പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകര്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേയ്ക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!