വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഇനി 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ; വിജ്ഞാപനമിറക്കി കേന്ദ്രം : അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്കു രാജ്യത്തെവിടെയും പണമടയ്ക്കാതെ, 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. രാജ്യവ്യാപകമായി സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ നിര്‍ദിഷ്ട ആശുപത്രികളില്‍ പണം അടയ്ക്കാതെ അടിയന്തരചികിത്സ ഉറപ്പാക്കും. മേയ് 5 മുതല്‍ പദ്ധതി നിലവില്‍ വന്നുവെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്നീടു പുറത്തിറക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ‘കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ഓഫ് റോഡ് ആക്‌സിഡന്റ് വിക്ടിംസ് സ്‌കീം-2025’ എന്ന പദ്ധതിസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം ചൊവ്വാഴ്ച വിജ്ഞാപനമിറക്കി. അപകടമുണ്ടായി ഏഴു ദിവസം വരെയാണ് പദ്ധതിയുടെ ആനുകൂല്യം. പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. മറ്റ് ആശുപത്രികളിലാണ് പ്രവേശിപ്പിക്കുന്നതെങ്കില്‍, പ്രാഥമികമായി സൗജന്യചികിത്സ ലഭിക്കും. തുടര്‍ന്ന് പട്ടികയിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയില്‍ (എബിപിഎവൈ) എംപാനല്‍ ചെയ്ത ആശുപത്രികളിലാണ് പദ്ധതിയുടെ പൂര്‍ണ സേവനം ലഭിക്കുക. അപകടം സംഭവിച്ച ദിവസം മുതല്‍ 7 ദിവസത്തേക്കോ അല്ലെങ്കില്‍ പരമാവധി ഒന്നര ലക്ഷം രൂപ വരെയോ ഉള്ള ചികിത്സയ്ക്കാണ് സൗജന്യം. മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് അപകടനില തരണം ചെയ്യുന്നതു വരെയുള്ള ചികിത്സയുടെ ചെലവ് സൗജന്യമായി ലഭിക്കും. ആശുപത്രികള്‍ക്ക് ഈ തുക ക്ലെയിം ചെയ്യാന്‍

അതിവേഗത്തിലുള്ളതും സൗജന്യമായതുമായ അടിയന്തരചികിത്സ ഉറപ്പാക്കി റോഡ് അപകടങ്ങള്‍മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പണരഹിതചികിത്സാ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് പ്രായം, സാമൂഹിക പശ്ചാത്തലം, വരുമാനം എന്നിവ മാനദണ്ഡമല്ല. പദ്ധതിക്കുള്ള ചെലവ് അതത് സംസ്ഥാനങ്ങളില്‍ ജനറല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളില്‍ നിന്ന് കണ്ടെത്തും. പദ്ധതിയുടെ നടത്തിപ്പിന് ദേശീയതലത്തില്‍ 11 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രവര്‍ത്തിക്കും. റോഡ് വിഭാഗം സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ ദേശീയപാതാ അതോറിറ്റി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ധനകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളുണ്ടാകും.

നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഏജന്‍സി. സംസ്ഥാനങ്ങളിലുള്ള സംസ്ഥാന റോഡ് സേഫ്റ്റി കൗണ്‍സില്‍, പോലീസ്, ആശുപത്രികള്‍, സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍ തുടങ്ങിയവര്‍ സഹകരിക്കും. പദ്ധതിക്കായി ഒരു പ്രത്യേക ഡിജിറ്റല്‍ പോര്‍ട്ടലിന് രൂപംകൊടുക്കും. ആശുപത്രികളുടെ വിവരങ്ങള്‍, ക്ലെയിമിനുള്ള നടപടിക്രമങ്ങള്‍, ചികിത്സയും പണമടയ്ക്കലും തുടങ്ങിയവ ഈ പോര്‍ട്ടല്‍വഴി ഏകോപിപ്പിക്കും.

പദ്ധതി നടത്തിപ്പിന്റെ ചുമതല ദേശീയ ആരോഗ്യ അതോറിറ്റിക്കാണെങ്കിലും സംസ്ഥാന റോഡ് സേഫ്റ്റി കൗണ്‍സിലുകളാണ് നോഡല്‍ ഏജന്‍സികള്‍. ആശുപത്രികളുടെ ക്ലെയിമുകളില്‍ തീരുമാനം എടുക്കുന്നതും ഇവരാകും. ക്ലെയിമുകള്‍ 10 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി ആശുപത്രികള്‍ക്കു പണം കൈമാറൂം. മോട്ടര്‍ വാഹന അപകട ഫണ്ടില്‍ നിന്നാണ് ഇതിനുള്ള പണം. ഓരോ ചികിത്സയ്ക്കുമുള്ള പരമാവധി ചെലവ് എത്രയാണെന്നും ഓരോ ഘട്ടത്തിലും ആവശ്യമായി വരുന്ന ചികിത്സകളേതാണെന്നും ദേശീയ ആരോഗ്യ അതോറിറ്റി നിശ്ചയിച്ച് ആശുപത്രികള്‍ക്ക് കൈമാറും. ഈ പട്ടിക പ്രകാരമാകും ക്ലെയിമുകള്‍ അനുവദിക്കുക.

ആശുപത്രികളുടെ പേരുവിവരപ്പട്ടിക സംസ്ഥാന റോഡ് സുരക്ഷാ കൗണ്‍സിലിന്റെയോ ദേശീയ ആരോഗ്യ അതോറിറ്റിയുടെയോ പോര്‍ട്ടലില്‍ ലഭിക്കും. അപകടത്തെക്കുറിച്ച് പോലീസിനെ അറിയിക്കണം. തുടര്‍നടപടികള്‍ക്ക് പോലീസിന്റെ റിപ്പോര്‍ട്ട് ആവശ്യമാണ്. ആശുപത്രികള്‍ ദേശീയ ആരോഗ്യ അതോറിറ്റിയുമായി ബന്ധപ്പെട്ട് രോഗികളുടെ ക്ലെയിം സെറ്റില്‍മെന്റ് നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ബില്ലുകള്‍, പോലീസ് എഫ്ഐആര്‍ എന്നിവയുടെ പകര്‍പ്പുകള്‍ സൂക്ഷിക്കണം.

error: Content is protected !!