തിരൂരങ്ങാടി : ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച 25 പേർക്ക് അസ്വസ്ഥത. എ ആർ നഗർ ഇരുമ്പു ചോലയിലെ കടയിൽ നിന്ന് ബ്രോസ്റ്റ് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. അരീത്തോട് സ്വദേശികളായ 9 പേർ ഇന്നലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഞായറാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. രാത്രി 11.30 നാണ് ഇവർ ഭക്ഷണം കഴിച്ചത്. പിറ്റേ ദിവസം ക്ഷീണവും പിന്നീട് ഛർദിയും വയറിളക്കവും ഉണ്ടായതായി ചികിത്സയിലുള്ളവർ പറഞ്ഞു. ഇതോടെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എ ആർ നഗർ പുതിയങ്ങാടി സ്വദേശികളായ 3 കുടുംബങ്ങളിൽ പെട്ട 15 പേർക്കും ഇത്തരത്തിൽ അസ്വസ്ഥത ഉണ്ടായി ചികിത്സ തേടിയതായി ഇവർ പറഞ്ഞു.
അതേസമയം, സംഭവം പഞ്ചായത്ത് ആരോഗ്യവകുപ്പ് ഗൗരവത്തിൽ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കടയിൽ പരിശോധന നടത്തിയിരുന്നു. ഒന്നോ രണ്ടോ പേർക്ക് അസ്വസ്ഥത ഉണ്ടായെന്നും എന്നാൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടാണെന്ന് പറയാനാകില്ലെന്നും എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. എന്നാൽ കൂടുതൽ പേർ ചികിത്സ തേടിയാതൊന്നും ആരോഗ്യ വകുപ്പ് അറിഞ്ഞ മട്ടില്ല.