കാമ്പസിനകത്ത് ബില്ല് സഹിതം പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിച്ചു; ആളെ കണ്ടെത്തി സര്‍വകലാശാലാ അധികൃതര്‍

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിനകത്ത് ബില്ല് സഹിതം പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിച്ചവരെ കണ്ടെത്തി താക്കീത് നല്‍കി അധികൃതര്‍. തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയില്‍ കാമ്പസ് സ്‌കൂളിന് സമീപത്തായാണ് പലതരം പ്ലാസ്റ്റിക് കവറുകള്‍ ഒന്നിച്ച് ഒഴിവാക്കിയ നിലയില്‍ കണ്ടെത്തിയത്. കാമ്പസ് ഹരിത കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ മാലിന്യത്തില്‍ നിന്ന് ലഭിച്ച ബില്ലിലെ ഫോണ്‍ നമ്പറില്‍ നിന്ന് ഉടമയെ കണ്ടെത്തി.

പള്ളിക്കല്‍ പഞ്ചായത്തില്‍ കച്ചവടം നടത്തുന്ന ഇദ്ദേഹത്തെ സെക്യൂരിറ്റി ഓഫീസര്‍ മുഖേന സര്‍വകലാശാലയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഹരിത ചട്ടം പാലിക്കാനും കാമ്പസ് ശുചീകരിക്കാനും സര്‍വകലാശാല നടത്തുന്ന പരിശ്രമത്തെക്കുറിച്ച് പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഇവരെ ബോധ്യപ്പെടുത്തി. മാലിന്യം നീക്കാന്‍ ആവശ്യമായ ചെലവ് വഹിക്കാമെന്ന് ആള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറാനാണ് നീക്കം. കാമ്പസിനകത്ത് വന്‍തോതില്‍ തള്ളപ്പെടുന്ന മാലിന്യം ഇല്ലാതാക്കാനായി ഹരിത കമ്മിറ്റിയും എന്‍ജിനീയറിങ് വിഭാഗവും അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യുകയാണ്. പുറത്ത് നിന്നു മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍വകലാശാലാ തീരുമാനം.

error: Content is protected !!