Monday, August 18

81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ മൂന്ന് പേര്‍ പിടിയില്‍ ; ചോര്‍ത്തിയത് ഐസിഎംആര്‍ വിവരങ്ങള്‍

ദില്ലി : 81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് ദില്ലി പൊലീസിനോട് പ്രതികള്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയായി 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ പുറത്തുവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കിയിരുന്നത്. റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ സിബിഐ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) വിവരങ്ങളും ചോര്‍ത്തിയെന്ന് പ്രതികള്‍ പറഞ്ഞു.

രാജ്യത്തെ കൊവിഡ് പരിശോധനാ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, ഐസിഎംആര്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പക്കലാണ് ഉള്ളത്.

ആധാര്‍, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, കൂടാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, താല്‍ക്കാലികവും സ്ഥിരവുമായ വിലാസങ്ങള്‍ എന്നിവ ചോര്‍ന്ന വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പരസ്യം ചെയ്ത വിവരം ‘പിഡബ്ല്യൂഎന്‍0001’ എന്ന ഹാക്കറാണ് ജനശ്രദ്ധയില്‍പെടുത്തിയത്. കൊവിഡ്-19 പരിശോധനയ്ക്കിടെ ഐസിഎംആര്‍ ശേഖരിച്ച വിവരങ്ങളാണ് ചോര്‍ന്നതെന്നാണ് ഹാക്കര്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിരവധി പേരുടെ വിവരങ്ങളും ചോര്‍ന്നതായി സ്‌ക്രീന്‍ ഷോട്ടുകളില്‍ വ്യക്തമായിരുന്നു.

സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വൈദഗ്ധ്യമുള്ള അമേരിക്കന്‍ ഏജന്‍സിയായ റെസെക്യൂരിറ്റിയാണ് ഡാറ്റാ ലംഘനത്തിനെ കുറിച്ച് പ്രാഥമിക കണ്ടെത്തല്‍ നടത്തിയത്. ചോര്‍ന്ന വിവരങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളുള്ള 1,00,000 ഫയലുകളുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യയും ഡാറ്റ ചോര്‍ച്ചയെ കുറിച്ച് ഐസിഎംആറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

error: Content is protected !!