പിതാവിനൊപ്പം കുളിക്കാന്‍ എത്തിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു

പാലക്കാട് : മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ പിതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്.

പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവര്‍. പിതാവ് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തില്‍ പെട്ടു.

വിവാഹിതരായ റമീഷയും നിഷിതയും ഓണാവധിക്ക് വിരുന്ന് വന്നതാണ്. അപകടത്തില്‍ പെട്ട യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

error: Content is protected !!