
തിരൂർ : സ്വന്തമായി സ്ഥലമുണ്ടായിട്ടും ഹെഡ് പോസ്റ്റ് ഓഫീസും പോസ്റ്റൽ ഡിവിഷൻ ഓഫീസും ഇപ്പോഴും പ്രവർത്തിക്കുന്നത് തിരൂരിലെ വാടകക്കെട്ടിടങ്ങളിലാണ്. തിരൂർ വാട്ടർ അതോറിറ്റി ഓഫീസിനു പിന്നിൽ 1986ൽ 90 സെന്റ് സ്ഥലം ഇതിനായി വാങ്ങിയിട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇവിടെ കെട്ടിടം പണിയാനുള്ള പണം ഇതുവരെ അനുവദിച്ചില്ല. ഇതോടെയാണു പോസ്റ്റ് ഓഫീസിനും പോസ്റ്റൽ ഡിവിഷൻ ഓഫീസിനും വലിയ വാടക നൽകി സ്വകാര്യ സ്വകാര്യ കെട്ടിടങ്ങളിൽ 40 വർഷമായി പ്രവർത്തിക്കേണ്ടി വന്നത്. രണ്ടു വർഷം മുൻപ് ഇതിനായി പണം അനുവദിച്ചെന്ന അറിയിപ്പ് വന്നിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.
നിലവിൽ ഹെഡ് പോസ്റ്റ് ഓഫീസ് ടൗൺ ഹാളിനു മുന്നിലെ കെട്ടിടത്തിൽ മാസം 44,500 രൂപ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. ജില്ലാ ആശുപത്രി റോഡിലെ കെട്ടിടത്തിൽ മാസം 12,000 രൂപ വാടക നൽകിയാണ് ഡിവിഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. സബ് ഡിവിഷൻ ഓഫീസും ഇവിടെയുണ്ട്. വാങ്ങിയിട്ട സ്ഥലത്ത് സ്വന്തം കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അങ്ങോട്ടു മാറ്റാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന പ്രതീക്ഷയിലാണ് തപാൽ ജീവനക്കാരും നാട്ടുകാരും.