
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രി ചികിൽസാ വിവാദത്തിൽ ഡോക്ടറെ വെള്ളപൂശാനുള്ള ആരോഗ്യ വകുപ്പ് ശ്രമം പ്രതിഷേധാർഹമെന്ന് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി. താലൂക്ക് ആശുപത്രിയിൽ കൈവിരൽ മുറിഞ്ഞെത്തിയ ഒരു വയസ്സുകാരനും ചുണ്ടിന് മുറിവ് പറ്റിയ ആറ് വയസ്സുകാരനും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ മനപൂർവ്വം ചികിൽസ നിഷേധിക്കുകയും ഇത് ചോദ്യം ചെയ്ത ആറ് വയസ്സുകാരന്റെ പിതാവിനെതിരെ വ്യാജ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ ഉണ്ടായ പരാതികളിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ആരോപണ വിധേയയും മനുഷ്യാവകാശ ധ്വംസനം നടത്തുകയും ചെയ്ത ഡോക്ടറെ കുറ്റവിമുക്തമാക്കിയും വെള്ളപൂശുന്ന രീതിയിലും ഉണ്ടാക്കിയ റിപ്പോർട്ട് വർഗ്ഗ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും ആരോഗ്യ വകുപ്പിന്റെ ഈ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി പറഞ്ഞു.
മനുഷ്യാവകാശ ധ്വംസനം നടന്ന ചികിൽസാ വിവാദത്തിലും ആശുപത്രിയിൽ വെച്ച് മരണപ്പെട്ട മൂന്നിയൂർ സ്വദേശിയുടെ മരണത്തെ സംശയാസ്പദ മരണമാക്കി പോലീസിന് ഇന്റിമേഷൻ അയച്ച് പോസ്റ്റ്മോർട്ടത്തിലേക്ക് എത്തിച്ചതുൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ ഈ ഡോക്ടർക്കെതിരെ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ നിഷ്പക്ഷ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും എൻ.എഫ്.പി.ആർ ആവശ്യപ്പെട്ടു. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണം പ്രഹസനമായിരുന്നുവെന്നും സ്വതന്ത്ര അന്വേഷണം നടത്തി ആരോപണ വിധേയരായവർക്കെതിരെ നടപടി എടുക്കുന്നത് വരെ സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ച് ബഹുജന പ്രക്ഷോഭം നടത്തുമെന്നും കമ്മറ്റി മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് അറഫാത്ത് പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദു റഹീം പൂക്കത്ത് , ബിന്ദു അച്ചമ്പാട്ട്, നിയാസ് അഞ്ചപ്പുര, അഷ്റഫ് കളത്തിങ്ങൽ പാറ, നസറുദ്ധീൻ ഷഫീഖ്, സെമീറ ഉമ്മർ , സുലൈഖ സലാം, സൽമാൻ ഫാരിസ് കെ. പ്രസംഗിച്ചു.