
സീരിയലില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചെമ്മാട് സ്വദേശികളായ രണ്ടു പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തു.
ഈ മാസം നാലിനാണു സംഭവം. കണ്ണൂര്‍ സ്വദേശിയായ സിനിമ സീരിയല്‍ അഭിനേത്രിയാണ് കോട്ടയം സ്വദേശിയായ പരാതിക്കാരിയെ പ്രതികളുമായി പരിചയപ്പെടുത്തിയത്. സിനിമ-സീരിയല്‍ നടിയെ പരിചയപ്പെട്ട യുവതി കോട്ടയത്തു നിന്ന് ആദ്യം കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിര്‍മാതാവിനെ കണ്ടാല്‍ സിനിമ യില്‍ അവസരം ലഭിക്കുമെന്നു നടി പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും കോഴിക്കോടെത്തി. രണ്ടു ദിവസം റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചു
പിന്നീടു കാരപ്പറമ്പിലെ ഫ്‌ലാറ്റില്‍ നിര്‍മാതാവ് എത്തിയതായി അറിയിക്കുകയും യുവതികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് ഉച്ചയ്ക്ക് 1.30 ഓടെ പ്രതികള്‍ ഇരുവരെയും കാറില്‍ ഫ്‌ലാറ്റിലെത്തിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ച് ജ്യൂസ് നല്‍കിയതായും ഈ സമയം നടി നിലവിളിച്ച് അടുത്ത മുറിയില്‍ കയറി വാതിലടച്ചതായും പിന്നെ സംഭവിച്ചതൊന്നും ഓര്‍മയില്ലെന്നുമാണ് യുവതിയുടെ മൊഴി. അവശയായ യുവതിയെ വൈകീട്ട് 3.30-ന് അരയിടത്തു പാലം സ്വകാര്യ ആശുപത്രിക്കു മുന്നില്‍ ഇറക്കിവിട്ടു. പിന്നീട് പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞു. ഫ്‌ലാറ്റില്‍ നേരത്തേ താമസമാക്കിയ വ്യക്തിയാണ് പ്രതികളിലൊരാള്‍. ഇയാളുടെ സുഹൃത്താണ് രണ്ടാമന്‍. യുവതിക്കൊപ്പം ഉണ്ടായിരുന്ന നടിയെ പൊലീസ് കണ്ടെത്തി മൊഴിയെടുത്തതോടെയാണു പ്രതികളെക്കുറിച്ചു സുചന ലഭിച്ചത്.
കണ്ണൂരില്‍ ആര്‍മി ഓഫീസറുടെ വീട്ടില്‍ ജോലി ചെയ്തുവരുകയായിരുന്നു പരാതിക്കാരി. അവിടെ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. ഈ യുവതി ആറുമാസമായി കോഴിക്കോട്ട് അഭിനയത്തിനുള്ള അവസരം തേടി താമസിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കാതിരുന്നാല്‍ അഞ്ചു ലക്ഷംരൂപ തരാമെന്ന് പ്രതികള്‍ യുവതികളോട് വാഗ്ദാനം ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടൗണ്‍ അസി.കമ്മിഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെന്നു സംശയിക്കുന്നവരുടെ പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നിവിടങ്ങളിലെ വീടുകളിലും ബന്ധുവീട്ടിലും അന്വേഷണം നടത്തി.