ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം: ജനലക്ഷങ്ങളെ സാക്ഷിയാക്കി നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം സമാപിച്ചു

മലപ്പുറം : കേരളത്തിൽ പുതുയുഗത്തിന് തുടക്കം കുറിച്ച് ‘ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം’ എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന് സമാപനം. നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സോടെയാണ് ജില്ലയിലെ പര്യടനം സമാപിച്ചത്. ഇന്ന് പാലക്കാട് ജില്ലയിൽ പര്യടനം ആരംഭിക്കും. സാധാരണക്കാരിൽ ഏറെ പ്രതീക്ഷയുണർത്തിയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി നവകേരള സദസ്സ് ജില്ലയിൽ പ്രയാണം നടത്തിയത്.

തിങ്കളാഴ്ച തുടങ്ങിയ പര്യടനം ജില്ലയിലെ 16 മണ്ഡലങ്ങളിലും പൂത്തിയായി. ആദ്യദിവസം പൊന്നാനി, തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലും രണ്ടാമത്തെ ദിവസം വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കൽ എന്നീ മണ്ഡലങ്ങളിലും മൂന്നാമത്തെ ദിവസം കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം എന്നീ മണ്ഡലങ്ങളിലും അവസാന ദിവസമായ ഇന്നലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ എന്നീ മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി.

ആദ്യദിവസമായ തിങ്കളാഴ്ച പൊന്നാനി മണ്ഡലത്തിലായിരുന്നു ജില്ലയിലെ നവകേരള സദസ്സിന് തുടക്കം കുറിച്ചത്. പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി. പ്രസാദ്, വി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് എടപ്പാൾ സഫാരി പാർക്കിൽ നടന്ന തവനൂർ മണ്ഡലം സദസ്സിൽ മന്ത്രിമാരായ കെ. രാജൻ, വി.എൻ വാസവൻ, ആന്റണി രാജു എന്നിവർ സംസാരിച്ചു. തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽനടന്ന തിരൂർ മണ്ഡലം സദസ്സിൽ മന്ത്രിമാരായ ജി.ആർ അനിൽ, എ.കെ ശശീന്ദ്രൻ, പി.എ മുഹമ്മദ് റിയാസ് എന്നിവരും ആദ്യദിവസത്തെ നവകേരള സദസ്സിന് സമാപനം കുറിച്ച് ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിൽ നടന്ന താനൂർ മണ്ഡലം സദസ്സിൽ മന്ത്രിമാരായ വി. അബ്ദുറഹ്‌മാൻ, ഡോ. ആർ. ബിന്ദു, അഹമ്മദ് ദേവർകോവിൽ എന്നിവർ സംസാരിച്ചു.

രണ്ടാം ദിവസത്തെ ആദ്യ പരിപാടി വള്ളിക്കുന്ന് മണ്ഡലത്തിലെ കാലിക്കറ്റ് സർവകലാശാലയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, എം.ബി രാജേഷ്, കെ. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തിരൂരങ്ങാടി മണ്ഡലം സദസ്സിൽ മന്ത്രിമാരായ സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, ജി.ആർ അനിൽ, വേങ്ങര സബാഹ് സ്‌ക്വയറിൽ നടത്തിയ വേങ്ങര മണ്ഡലം സദസിൽ മന്ത്രിമാരായ വീണ ജോർജ്, കെ. രാജൻ, എ.കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. രണ്ടാം ദിനത്തിലെ അവസാന പരിപാടി നടന്ന കോട്ടക്കൽ മണ്ഡലത്തിലെ കോട്ടക്കൽ ആയുർവേദ കോളജ് ഗ്രൗണ്ടിലെ പരിപാടിയിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.എൻ ബാലഗോപാൽ, പി. പ്രസാദ് എന്നിവർ സംസാരിച്ചു.

മൂന്നാം ദിനത്തിലെ ആദ്യ പരിപാടി കൊണ്ടോട്ടി മണ്ഡലത്തിൽ സംഘടിപ്പിച്ചു. മേലങ്ങാടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽനടന്ന നവകേരള സദസ്സിൽ മന്ത്രിമാരായ വി. അബ്ദുറഹ്‌മാൻ, ജി.ആർ അനിൽ, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന മണ്ഡലം നവകേരള സദസ്സിൽ മന്ത്രിമാരായ വി.എൻ വാസവൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, മങ്കട ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ സദസ്സിൽ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, കെ. രാജൻ, പി.എ മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. മൂന്നാം ദിനത്തിലെ അവസാന പരിപാടി നടന്ന മലപ്പുറം എം.എസ്.പി എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച മണ്ഡലം സദസ്സിൽ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവർകോവിൽ, പി. രാജീവ് എന്നിവർ സംസാരിച്ചു.

ഇന്നലെ ആദ്യ പരിപാടി ഏറനാട് മണ്ഡലത്തിലെ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, സജി ചെറിയാൻ സംസാരിച്ചു. വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിൽ നടത്തിയ നിലമ്പൂർ മണ്ഡലം നവകേരള സദസ്സിൽ മന്ത്രിമാരായ പി. പ്രസാദ്, വീണ ജോർജ്, റോഷി അഗസ്റ്റിൻ, വണ്ടൂർ വി.എം.സി ഹൈസ്‌കൂളിൽ നടത്തിയ മണ്ഡലം സദസ്സിൽ മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എം.ബി രാജേഷ്, ജി.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടത്തിയ ജില്ലയിലെ അവസാന നവകേരള സദസ്സിൽ മന്ത്രിമാരായ ആൻറണി രാജു, ജെ. ചിഞ്ചുറാണി, കെ.എൻ ബാലഗോപാൽ എന്നിവർ സംസാരിച്ചു.

ഇന്നലെ രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഭാത യോഗത്തോടെയാണ് അവസാന ദിവസത്തെ പര്യടനം ആരംഭിച്ചത്. തുടർന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു. ശേഷം അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഏറനാട് മണ്ഡലം നവകേരള സദസ്സും വൈകീട്ട് മൂന്നിന് വഴിക്കടവ് മുണ്ട ഗ്രൗണ്ടിൽ നിലമ്പൂർ മണ്ഡലം നവകേരള സദസ്സും 4.30ന് വി.എം.സി ഹൈസ്‌കൂളിൽ വെച്ച് വണ്ടൂർ മണ്ഡലതല പരിപാടിയും നെഹ്‌റു സ്റ്റേഡിയത്തിൽവെച്ച് പെരിന്തൽമണ്ണ മണ്ഡലതല പരിപാടിയും നടന്നു.

വിവിധ പ്രായഭേദമന്യേ നിരവധിപേരാണ് നവകേരള സദസ്സിനായി മണിക്കൂറുകൾക്ക് മുന്നേ വേദികളിലെത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വൻപങ്കാളിത്തം തന്നെ മിക്കയിടത്തും കാണാമായിരുന്നു. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി നിരവധിപേരാണ് പരാതി പരിഹാര കൗണ്ടറുകളിലെത്തുന്നത്. സദസ്സ് ആരംഭിക്കുന്നതിന്റെ മൂന്നുമണിക്കൂർ മുന്നേതന്നെ എല്ലാ മണ്ഡലങ്ങളിലും കൗണ്ടറുകൾ ആരംഭിച്ചിരുന്നു. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേകം പരിഗണന പരാതി നൽകുന്നതിനായി ലഭിച്ചു. എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സന്നദ്ധ സംഘടനകൾ, വളണ്ടിയർമാർ തുടങ്ങിയവർ ആളുകളെ സഹായിക്കാനായി രംഗത്തുണ്ടായിരുന്നു. ലഭിക്കുന്ന പരാതികളിൽ കൈപറ്റ് രസീത് നൽകാനും ഉദ്യോഗസ്ഥരും യഥാസമയം തന്നെ ജാഗ്രതയോടെ പ്രവർത്തിച്ചത് കൗണ്ടറുകളിലെത്തിയവർക്ക് ഏറെ സഹായകരമായി മാറി.

കനത്ത വെയിലിനെ പോലും വകവയ്ക്കാതെയാണ് നാലാം ദിനത്തിലും വൻ ജനപങ്കാളിത്തം മുഖ്യമന്ത്രിയെയും മന്ത്രിമാരുയെയും കാണാനും ആവശ്യങ്ങൾ ഉന്നയിക്കാനും എത്തുന്നത്. പരിപാടി കഴിഞ്ഞ ശേഷവും മുഴുവൻ പരാതികളും വാങ്ങിയ ശേഷമാണ് കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. നവകേരള സദസ്സുകൾ വർണാഭമാക്കാൻ മിക്ക മണ്ഡലങ്ങളിലും വിശിഷ്ടാതിഥികൾ എത്തുന്നതിന് മുൻപും പരിപാടികൾക്ക് ശേഷവും കലാപരിപാടികൾ അരങ്ങേറിയത് ഏറെ ആസ്വാദകരമായി മാറുകയും ചെയ്തു.

ഇന്ന രാവിലെ 11ന് പാലക്കാട് ജില്ലയിലെ തൃത്താല നിയോജകമണ്ഡലതല നവകേരള സദസ്സ് ചാലിശ്ശേരി അൻസാരി ഓഡിറ്റോറിയം പരിസരത്ത് നടക്കും.

error: Content is protected !!