
യൂണിവേഴ്സിറ്റി: കെ.എൻ.എം മണ്ഡലം മദ്രസ കോംപ്ലക്സ് അധ്യാപകർക്കായി തൻബീഹുൽ ഇസ്‌ലാം സെക്കണ്ടറി മദ്രസ പുത്തൂർ പള്ളിക്കൽ വെച്ച് പരിശീലന ശിൽപശാല സംഘടിപ്പിച്ചു. വിവിധ മദ്രസകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്ത പരിപാടിയിൽ അധ്യാപകരുടെ പ്രൊഫഷണൽ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പഠന-ബോധനരീതികൾ നവീകരിക്കുന്നതിനുമായി പ്രത്യേക ക്ലാസുകളും വർക്ക്‌ഷോപ്പുകളും നടന്നു.ശിൽപശാല യൂണിവേഴ്സിറ്റി മണ്ഡലം കെ.എൻ.എം പ്രസിഡണ്ട് വി.പി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. അധ്യാപകർ പുതിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾക്ക് സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു.
കോംപ്ലക്സ് മണ്ഡലം പ്രസിഡണ്ട് നജീബ് പുത്തൂർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മണ്ഡലം സെക്രട്ടറി അബ്ദുൽ അസീസ് പുത്തൂർ പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി. കോംപ്ലക്സ് സെക്രട്ടറി പി.അബ്ദുൽ സലാം, ടി.കെ ജസീൽ, സഫ്‌വാൻ പോത്തുകല്ല് എന്നിവർ സംസാരിച്ചു. പരിശീലനത്തിന് കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ഫാക്കൽറ്റിമാരായ മുനീർ താനാളൂർ, മൂസ അർഷദ് മദനി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികേന്ദ്രിത പഠനരീതികൾ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, ആധുനിക പഠന-ബോധന മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും പരിശീലനങ്ങളും നടന്നു. ശിൽപശാല അധ്യാപകർക്ക് പുതുമുഖ വിദ്യാഭ്യാസ സാധ്യതകൾ അന്വേഷിക്കാനും സമീപനത്തിൽ മാറ്റം വരുത്താനും പ്രചോദനമായി.