ഷൊർണൂർ- നിലമ്പൂർ പാതയിൽ മരം വീണു; ട്രെയിൻ സർവീസ് അവതാളത്തിലായി

പെരിന്തൽമണ്ണ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ മരം പൊട്ടിവീണതിനെ തുടർന്ന് ഇന്നലെ ട്രെയിൻ ഗതാഗതം താറുമാറായി. ഞായറാഴ്ച രാത്രി 10.40 ഓടെയാണ് വാടാനാംകുർശിയിൽ റെയിൽവേ പാളത്തിലും വൈദ്യുതി ലൈനുമായി പ്ലാറ്റ്‌ഫോമിനടുത്തുള്ള മരം പൊട്ടിവീണത്. ഇതേ തുടർന്ന് വൈദ്യുതി ലൈൻ തകരാറിലായി. പുലർച്ചെ മൂന്നോടെയാണ് മരം വെട്ടിനീക്കാനായത്. വൈദ്യുതി എർത്ത് ലൈൻ തകരാറിലായതോടെ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല. ഇതോടെ ട്രെയിനുകളുടെ ഇലക്ട്രിക് എൻജിൻ പ്രവർത്തിക്കാനായില്ല.

നിലമ്പൂരിൽ നിന്ന് ഡീസൽ എൻജിൻ എത്തിച്ച് ട്രെയിനുകൾ ഷൊർണൂരിൽ നിന്ന് അങ്ങാടിപ്പുറം വരെ ഡീസൽ എൻജിൻ ഘടിപ്പിച്ചും അവിടെ നിന്ന് നിലമ്പൂരിലേക്ക് ഇലക്ട്രിക് എൻജിൻ ഘടിപ്പിച്ചുമാണ് സർവീസ് നടത്തിയത്. 3.50ന് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടേണ്ട രാജ്യ റാണി എക്സ്പ്രസ്സിൽ ഡീസൽ എൻജിൻ അറ്റാച്ച് ചെയ്തതിന് ശേഷമാണ് 4.50ന് പുറപ്പെട്ടത്. 10.05ന് ഷൊർണൂരിൽ നിന്നെടുക്കേണ്ട ട്രെയിനും 9.55ന് നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള പാസഞ്ചർ ട്രെയിനും റദ്ധാക്കി.

കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ, ലൈനിലെ തടസ്സങ്ങൾ നീക്കിയതിനു ശേഷം പാസഞ്ചർ സ്പെഷ്യൽ ട്രെയിനായി ഷൊർണൂരിൽ നിന്ന് നിലമ്പൂർ വരെ സർവീസ് നടത്തി. ഉച്ചയ്ക്ക് ശേഷം നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള നിലമ്പൂർ- കോട്ടയം എക്സ്പ്രസ്, നിലമ്പൂർ- പാലക്കാട് പാസഞ്ചർ, നിലമ്പൂർ- ഷൊർണൂർ പാസഞ്ചർ, രാത്രിയിലെ രാജ്യറാണി എക്സ്പ്രസ് എന്നിവ സമയം വൈകിയെങ്കിലും സർവീസ് നടത്തി.

error: Content is protected !!