സ്വകാര്യ ഭൂമിയിൽ അനുവാദമില്ലാതെ സ്ഥാപിച്ച പോസ്റ്റ് ഒരു മാസത്തിനകം മാറ്റണം : മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : വസ്തു ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ വസ്തുവിൽ, മറ്റൊരാൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് ഒരു മാസത്തിനകം മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാളകം അസിസ്റ്റന്റ് എഞ്ചിനീയർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി എ. തങ്കച്ചൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 2021 ഡിസംബറിലാണ് പരാതിക്കാരന്റെ സ്ഥലത്ത് പോസ്റ്റ് സ്ഥാപിച്ചത്.

വാളകം ഇലക്ട്രിക് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 1973 ലാണ് പരാതിക്ക് ആസ്പദമായ സ്ഥലത്ത് ഇലക്ട്രിക് കണക്ഷൻ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1982 ലും 2000 ത്തിലും ഇതേ പോസ്റ്റിൽ നിന്നും രണ്ടു പേർക്ക് കണക്ഷൻ നൽകിയിട്ടുണ്ട്. 2022 ൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പരാതിക്കാരനായ എ. തങ്കച്ചന്റെ പേരിലായി. പരാതിക്കാരൻ സമ്മതപത്രവും എസ്റ്റിമേറ്റ് തുകയും നൽകിയാൽ പ്രസ്തുത പോസ്റ്റ് പരാതിക്കാരന്റെ വസ്തുവിന്റെ അരികിലേക്ക് മാറ്റി സ്ഥാപിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ താൻ 2006 ലാണ് വസ്തു വിലക്ക് വാങ്ങിയതെന്നും വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിലാണ് പോസ്റ്റും സ്റ്റേ കമ്പിയും ഉണ്ടായിരുന്നതെന്നും 2020 ൽ കുഞ്ഞുമോൻ എന്നയാൾ വീട് പുതുക്കി പണിതപ്പോൾ അയാൾക്ക് കണക്ഷൻ നൽകാനാണ് പോസ്റ്റ് തന്റെ പുരയിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചതെന്നും പരാതിക്കാരൻ അറിയിച്ചു. താൻ വീട്ടിലേയ്ക്ക് നടന്നുപോകുന്ന വഴിയുടെ മധ്യത്തിലാണ് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. സ്റ്റേ സ്ഥാപിച്ചത് കിണറിനോട് ചേർന്നാണ്. ഇതിന് തന്റെ അറിവോ സമ്മതമോ ഇല്ല.

അനധികൃതമായി വസ്തുവിന്റെ മുകളിലൂടെ ലൈൻ വലിക്കുന്ന വേറെയും കേസുകളുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കെ എസ് ഇ ബിയുടെ നടപടി അപലപനീയമാണ്. പ്രസ്തുത പോസ്റ്റ് പരാതിക്കാരന്റെ വസ്തുവിന്റെ അരികിലേയ്ക്ക് മാറ്റി സ്ഥാപിക്കാമെന്ന് എഞ്ചിനീയർ അറിയിച്ചു. ഇതിൽ നിന്നും പരാതി സത്യമാണെന്ന് മനസ്സിലാക്കുന്നതായി ഉത്തരവിൽ പറയുന്നു.

പരാതിക്കാരൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് കെ എസ് ഇ ബി, കുഞ്ഞുമോൻ (കൺസ്യൂമർ നമ്പർ 11553) എന്നയാൾക്ക് റീ കണക്ഷൻ നൽകാനായി പരാതിക്കാരന്റെ വസ്തുവിൽ പോസ്റ്റ് സ്ഥാപിച്ചെന്ന് ബോധ്യപ്പെട്ടതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. യഥാർത്ഥ കൺസ്യൂമർ എന്ന നിലയിൽ കുഞ്ഞുമോനിൽ നിന്നോ കെ എസ് ഇ ബി സ്വമേധയോ ചെലവു വഹിച്ച് ഒരു മാസത്തിനകം പോസ്റ്റ് മാറ്റണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

error: Content is protected !!