തിരൂരങ്ങാടി: ലൈസൻസില്ലാതെ വാഹനമോടിച്ച അതിഥി തൊഴിലാളി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായി. അതിഥി തൊഴിലാളിക്ക് വാഹനം കൊടുത്ത ആർസി ഉടമകൾക്ക് കിട്ടിയത് എട്ടിന്റെ പണി . ഉദ്യോഗസ്ഥർ ആർസി ഉടമയ്ക്ക് 12500 രൂപ പിഴയിട്ടു. ജില്ല എൻഫോഴ്സ്മെന്റ് ആർടിഒ ഒ പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എം വി ഐ പി കെ മുഹമ്മദ് ഷഫീഖ്, എ എം വി ഐ മാരായ പി അജീഷ്, പി ബോണി, കെ ആർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുന്നതിനിടെയാണ് അതിഥി തൊഴിലാളികൾ ഓടിച്ച രണ്ട് ഇരുചക്രവാഹനം ഉദ്യോഗസ്ഥരുടെ പിടിയിലായത് .
വെന്നിയൂരിൽ നിന്ന് പിടിയിലായ അതിഥി തൊഴിലാളിക്ക് ലൈസൻസും വാഹനത്തിന് ഇൻഷുറൻസും ഇല്ലാത്തതിനാൽ കാവനൂർ സ്വദേശിയായ ആർ സി ഉടമക്ക് 12500 രൂപയും, പൂക്കിപ്പറമ്പ് വെച്ച് പിടിച്ച അതിഥി തൊഴിലാളിക്ക് ലൈസൻസ് ഇല്ലാത്തതിനാൽ ആർസി ഉടമയായ കുണ്ടൂർ സ്വദേശിക്ക് 10500 രൂപയും പിഴ ചുമത്തി.
ലൈസൻസില്ലാത്ത അതിഥി തൊഴിലാളികൾക്ക് വാഹനം കൊടുത്താൽ ആർ സി ഉടമകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് എം വി ഐ പി കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.
ഫോട്ടോ: അതിഥി തൊഴിലാളി ഓടിച്ച ഇരുചക്ര വാഹനം എം വി ഐ പി കെ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു.