‘തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് ആദ്യ സര്‍വിസ്. ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്യില്ല. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വന്ദേ ഭാരത് ഫ്ലാഗ് ഓഫിന് ശേഷം തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കൊപ്പം അൽപനേരം ചിലവഴിച്ചു. തുടർന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി ജലമെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല – ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ സമഗ്രവികസനം എന്നിവയുടെ ശിലാസ്ഥാപനം നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ, ദിണ്ഡിഗല്‍ – പളനി – പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളാണ് നാടിന് സമര്‍പ്പിക്കുക.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങിനു ശേഷം 12.40 ഓടെ പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ ഗുജറാത്തിലെ സൂറത്തിലേക്ക് പോകും.