
തിരൂര്‍ : 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ മനോജിനെയും ഒപ്പമുണ്ടായിരുന്ന ഏജന്റ് മജീദിനെയും ആണ് 1,000 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് ഡി.വൈ.എസ്.പി എം. ഗംഗാധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് റവന്യു ഇന്‍സ്‌പെക്ടറും ഇടനിലക്കാരനും അറസ്റ്റിലായത്. താനാളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഇരുവരെയും വിജിലന്‍സ് കെണിവച്ച് വീഴ്ത്തിയത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം.
മലപ്പുറം താനാളൂര്‍ സ്വദേശിയായ പരാതിക്കാരന്റെ അമ്മാവന്റെ പേരില്‍ കുറ്റിപ്പുറം വില്ലേജിലുളള 10 സെന്റ് തോട്ടഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി തിരൂര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. വിദേശത്തുളള അമ്മാവന്‍ ചുമതലപ്പെടുത്തിയത് പ്രകാരം രേഖകളുമായി പരാതിക്കാരനാണ് ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ ഹിയറിംഗിന് ഹാജരായത്. തുടര്‍ന്ന് 01.02.2025 തിയ്യതി സ്ഥല പരിശോധനയ്ക്കായി റവന്യൂ ഇന്‍സ്‌പെക്ടര്‍ മനോജ് സ്ഥലത്ത് വരുകയും സ്ഥല പരിശോധനയ്ക്കു ശേഷം 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. കൈയില്‍ പൈസയില്ലായെന്ന് പറഞ്ഞ പരാതിക്കാരനോട് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരുമ്പോള്‍ പൈസ തരണമെന്നും എല്ലാ ബുധനാഴ്ചയും ഓഫിസില്‍ കാണുമെന്നും ഫോണില്‍ വിളിച്ചിട്ട് വന്നാല്‍ മതിയെന്നും പറഞ്ഞു.
തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം മലപ്പുറം വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി കാത്തിരുന്നു. തുടര്‍ന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ മനോജ് ഫോണില്‍ കൂടി അറിയിച്ചതിന്‍ പ്രകാരം ഇന്നലെ വൈകിട്ട് 06:15 മണിയോടുകൂടി ഓഫീസില്‍ എത്തിയ പരാതിക്കാരനോട് റവന്യൂ ഇന്‍സ്‌പെക്ടര്‍ മനോജിന്റെ തൊട്ടടുത്ത് കസേരയിലിരുന്ന ഏജന്റ് മജീദിന്റെ കൈവശം പൈസ ഏല്‍പ്പിക്കുന്നതിന് ആവശ്യപ്പെട്ടു. കെണിയൊരുക്കി നിരീക്ഷിച്ചു നിന്ന വിജിലന്‍സ് സംഘം റവന്യൂ ഇന്‍സ്‌പെക്ടര്‍ മനോജിനേയും ഏജന്റ് മജീദിനേയും കൈയോടെ പിടികൂടി.
ഇന്‍സ്‌പെക്ടര്‍മാരായ സന്ദീപ് കുമാര്‍, പി. ജ്യോതീന്ദ്രകുമാര്‍, റിയാസ് ചാക്കീരി, എസ്.ഐമാരായ മോഹന കൃഷ്ണന്‍, മധുസൂദനന്‍, ശിഹാബ്, എ.എസ്.ഐ വിജയകുമാര്‍, സീനിയര്‍ സി.പി.ഒമാരായ രാജീവ്, സന്തോഷ്, ധനേഷ്, സി.പി.ഒമാരായ ശ്രീജേഷ്, സുബിന്‍, സനല്‍, ശ്യാമ, അഭിജിത്ത്, ഗസറ്റഡ് ഓഫീസര്‍മാരായ മലപ്പുറം ഡി.ഡി.ഇ ഓഫീസിലെ ജീവനക്കാരന്‍ ജയരാജ്, പുഴക്കാട്ടിരി പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അറസ്റ്റ് ചെയ്ത പ്രതികളെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.