കാറിൽ കുളം: വ്ലോഗറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി

ആലപ്പുഴ ∙ കാറിൽ നീന്തൽക്കുളമൊരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗർ ടി.എസ്.സജുവിന്റെ (സഞ്ജു ടെക്കി– 28) ഡ്രൈവിങ് ലൈസൻസ് മോട്ടർ വാഹന വകുപ്പ് ആജീവനാന്തം റദ്ദാക്കി. യുട്യൂബിൽ 15 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന സജു മേയ് 16 നു നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ 17നാണ് അപ്‌ലോഡ് ചെയ്തത്.

പകൽ തിരക്കുള്ള സമയത്തു ദേശീയപാതയിലടക്കം നടത്തിയ യാത്രയുടെ വിഡിയോ പ്രചരിച്ചതോടെയാണു മോട്ടർ വാഹന വകുപ്പ് കേസെടുത്തത്. വാഹനത്തിന്റെ റജിസ്ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യനാരായണന്റെ (29) ലൈസൻസും ഒരു വർഷത്തേക്കു റദ്ദാക്കിയിരുന്നു. ഇതിനെ വിമർശിച്ച് വിഡിയോ അപ്‌ലോഡ് ചെയ്തതിനെത്തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ മുൻ വിഡിയോകളിലെയും നിയമലംഘനങ്ങൾ കണ്ടെത്തി എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണനാണ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയത്.

സജു, സൂര്യനാരായണൻ, കൂട്ടത്തിലുണ്ടായിരുന്ന അഭിലാഷ് ഗോപി (28), സ്റ്റാൻലി ക്രിസ്റ്റഫർ (28) എന്നിവർ മോട്ടർ വാഹന വകുപ്പിന്റെ ശിക്ഷാനടപടികളുടെ ഭാഗമായി മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. ഇതിനു പുറമേ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 15 ദിവസത്തെ സന്നദ്ധപ്രവർത്തനം ഇവർ തുടരുകയാണ്.

ഡ്രൈവിങ് ലൈസൻസ് ആർടിഒ റദ്ദാക്കിയതിനെതിരെ സജുവിന് 30 ദിവസത്തിനകം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അപ്പീൽ നൽകാം. പ്രായപൂർത്തിയാകാത്ത വ്ലോഗറെക്കൊണ്ടു വാഹനമോടിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു സജു മുൻപ് കോടതി നടപടി നേരിട്ടിട്ടുണ്ട്.

error: Content is protected !!