തിരൂരങ്ങാടി : എ ആർ നഗർ ഇരുമ്പു ചോല സ്കൂളിലെ 11 വിദ്യാർഥി കൾക്ക് അസ്വസ്ഥത. ഛർദിയും വയർ വേദനയും തലവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വ്യാഴാഴ്ച രാവിലെ സ്കൂളിൽ വെച്ചാണ് സംഭവം. 2 കുട്ടികൾ സ്കൂളിൽ ഛര്ദിച്ചതിനെ തുടർന്നാണ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുന്നുംപുറം കുടുംബരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി.
ബിസ്കറ്റ് കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പും സ്കൂൾ അധികൃതരും പറയുന്നത്. ഒരു കുട്ടി വികെ പടിയിലെ പെട്ടി കടയിൽ നിന്ന് 10 രൂപയുടെ ക്രീം ബിസ്കറ്റ് വാങ്ങിയിരുന്നു.
സ്കൂളിലെത്തിയ ശേഷം ഇത് മറ്റു 10 കുട്ടികൾക്ക് വീതിച്ചു നൽകി. ഇത് കഴിച്ച നാലാം ക്ലാസിലെ ആൺകുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്കൂളിലെത്തി പരിശോധന നടത്തി. ബിസ്കറ്റിന്റെ ബാക്കി ഭാഗം പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ ഓഫിസർ ജിജി ജോണ്സണ് പറഞ്ഞു.
ബിസ്കറ്റ് വാങ്ങിയ കടയിലും സ്കൂൾ പരിസരത്തെ കടകളിലും പരിശോധന നടത്തി. സ്കൂളിൽ നിന്ന് മറ്റു ഭക്ഷണങ്ങൾ ഒന്നും നൽകിയിരുന്നില്ലെന്നും ബിസ്കറ്റ് കഴിച്ചവർക്കാണ് പ്രയാസം ഉണ്ടായിട്ടുള്ളതെന്നും പ്രധാനാധ്യാപിക. എ ആർ നഗർ ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി