ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10 നാണ് ആദ്യ തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14 നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20 നും നാലാംഘട്ടം ഫെബ്രുവരി 23 നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാർച്ച് മൂന്നിനും ഏഴാം ഘട്ടം മാർച്ച് പത്തിനും നടക്കും.
മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുക
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തിയ്യതികൾ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബിജെപിയാണ് അധികാരത്തിൽ.
നിലവിലെ കോവിഡ് സാഹചര്യങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുക വലിയ വെല്ലുവിളിയാണെന്ന് കമ്മീഷൻ വിലയിരുത്തി. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തിരഞ്ഞെടുപ്പ് നടക്കുക. ഒമിക്രോൺ സാഹചര്യത്തിൽ ആരോഗ്യ സുരക്ഷയ്ക്കായിരിക്കും പ്രധാന പരിഗണന. വിലുലമായ കോവിഡ് മാർഗരേഗ നൽകും.
ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. പരമാവധി പ്രചാരണം ഡിജിറ്റൽ മീഡിയത്തിലൂടെ ആകണം.
215368 പോളിങ് സ്റ്റേഷനുകൾ ക്രമീകരിക്കും. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 16 ശതമാനം വർധിപ്പിച്ചു. 1620 പോളിങ് സ്റ്റേഷനുകളിൽ വനിത ജീവനക്കാർ മാത്രമായിരിക്കും ഉണ്ടാവുക. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഡ്യൂട്ടിയിലുള്ളവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകും.