
പരപ്പനങ്ങാടി : പരപ്പനങ്ങാടി കേന്ദ്രമായി പ്രവർത്തിക്കുന്ന വാക്കേഴ്സ് അക്കാദമി ഫോർ ഫുട്ബോൾ (വാഫ് )സംഘടിപ്പിച്ച അവധിക്കാല ഫുട്ബോൾ ക്യാമ്പിന് സമാപനമായി. സമാപനത്തോടനുബന്ധിച്ച് ഇന്റർ അക്കാദമി ഫുട്ബോൾ ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഷാഹുൽഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി പി ഇ എസ് കോവിലകം ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മുതൽ 6 മണി വരെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. കോവിലകം,ചുടലപ്പറമ്പ്,കീരനല്ലൂർ, എന്നീ മൂന്ന് ഇടങ്ങളിലായാണ് വാഫ് അവധിക്കാല ഗ്രാസ്റൂട്ട് ലെവൽ ഫുട്ബോൾ പരിശീലനങ്ങൾ സംഘടിപ്പിച്ചത്.
ഇതിന്റെ സമാപനത്തിന്റെ ഭാഗമയാണ് 3 ഇടങ്ങളെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റർ അക്കാദമി ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചത്. ഇത് മൂന്നാം തവണയാണ് വാഫ് ഇത്തരത്തിൽ കുട്ടികൾക്കായി വിപുലമായ രീതിയിൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
അമ്പതോളം വരുന്ന കുട്ടികളെ അണ്ടർ 10, അണ്ടർ 12,എബൗ 13 എന്നീ മൂന്ന് വിഭാഗങ്ങളിലായി ആറ് ടീമുകൾ ആക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.വാഫ് പരിശീലകരായ അനൂപ് ഇജാസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
പി ഇ എസ് ട്രസ്റ്റ് വൈസ് പ്രസിഡണ്ട് നിയാസ് പുളിക്കലകത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികളുമായി പരിചയപ്പെട്ടു.സമാപന ചടങ്ങിൽ വാഫ് ഫൗണ്ടർ ഡയറക്ടറും മുൻ കേരള പോലീസ് താരവുമായ
വിനോദ് കെ ടി അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ജയദേവൻ ഇൻസൈറ്റ് ആർട്സ് സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ്ബ് സെക്രട്ടറി അലവി മച്ചിഞ്ചേരി എന്നിവർ സംസാരിച്ചു. വാഫ് ഡയറക്ടർ വിബീഷ് വിക്രം സ്വാഗതവും ടെക്നിക്കൽ ഡയറക്ടർ ലിതോഷ് കുമാർ നന്ദിയും അറിയിച്ചു.