തിരൂരങ്ങാടി: കടുത്ത വേനലിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ തിരൂരങ്ങാടി തഹസീല്‍ദാര്‍ പി.ഒ സാദിഖിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. ബാക്കിക്കയം അണക്കെട്ട് തുറക്കാതെ കരിഞ്ഞുണങ്ങുന്ന കൃഷിയെ രക്ഷിക്കാന്‍ വല്ലമാര്‍ഗവുമുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനം. മോര്യാകാപ്പ്, ന്യൂക്കട്ട്, ചീര്‍പ്പിങ്ങല്‍, കാളംതിരുത്തി, കൊടിഞ്ഞി പാടം, വെഞ്ചാലി, മുക്കം പ്രദേശങ്ങളിലെ തോടുകളും വയലുകളും സംഘം നോക്കി കണ്ട്ു. പ്രദേശത്തെ കര്‍ഷകരുമായും ജനപ്രതിനിധികളുമായും സംഘം സംസാരിച്ചു.
തഹസീല്‍ദാര്‍ക്ക് പുറമെ ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ മലപ്പുറം ബാലകൃഷ്ണന്‍, എസിസ്റ്റന്റ് എഞ്ചിനിയര്‍ യു.വി ഷാജി, നന്നമ്പ്ര സെക്രട്ടറി ബിസ്്‌ലി ബിന്ദു, കൃഷി ഓഫീസര്‍ വി സംഗീത എന്നിവരും സംഘത്തിലുണ്ടായിരുന്നു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, മെമ്പര്‍മാരായ ഒടിയില്‍ പീച്ചു, സി ബാപ്പുട്ടി, എന്‍. മുസ്തഫ, കര്‍ഷകരായ മറ്റത്ത് റഷീദ്, എ.കെ മരക്കാരുട്ടി മറ്റുള്ളവരുമായി സംസാരിച്ചാണ് സംഘം മടങ്ങിയത്. കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ധേശിച്ച പ്രകാരം ബാക്കിക്കയം തടയണ 10 സെന്റിമീറ്റര്‍ തുറക്കണമെന്നും ഒപ്പം തോട്ടിലെ മണ്ണ് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
അതേസമയം, നേരത്തെ എം എൽ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി , കെ പി എ മജീദ് , കളക്ടർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, കൃഷി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത യോഗത്തിൽ ഷട്ടർ 10 സെന്റീ മീറ്റർ ഉയർത്താൻ തത്വത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ഷട്ടർ തുറക്കാനെത്തുന്ന വിവരമറിഞ്ഞു പഞ്ചായത്ത് പ്രെസിഡന്റുമാരുടെ നേതൃത്വത്തിൽ ഉപരോധം നടത്തുകയായിരുന്നു. കുടിവെള്ള പദ്ധതിയെ ബാധിക്കാത്ത തരത്തിൽ കൃഷി ആവശ്യത്തിന് അല്പം വെള്ളം നൽകണമെന്നാണ് കര്ഷകരുടേയും നന്നംബ്ര പഞ്ചായത്തിന്റെയും ആവശ്യം.