Wednesday, September 17

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു ; കുടുംബം ചികിത്സയില്‍

തളിപ്പറമ്പ് : മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു. തളിപ്പറമ്പിലെ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളായ തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗര്‍ റഷീദാസില്‍ എം.സാഹിര്‍ (40), അനുജന്‍ അന്‍വര്‍ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

സാഹിര്‍ ഇന്നലെയും അന്‍വര്‍ ഇന്നുമാണ് മരിച്ചത്. കോഴിക്കോട് വ്യാപാരിയായ സാഹിര്‍ ഹിദായത്ത് നഗറിലും അനുജന്‍ അന്‍വര്‍ ഇരിക്കൂറിലുമാണ് താമസം. ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനു തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 15 ഓളം മഞ്ഞപ്പിത്തം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കിണറുകളിലെ വെള്ളം പരിശോധന ഉള്‍പ്പെടെ നടത്തി വരികയായിരുന്നു എന്നും അധികൃതര്‍ പറഞ്ഞു. ഇരുവരും മരിച്ച സാഹചര്യത്തില്‍ സമീപത്തുള്ള വീടുകളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു വരികയാണ്.

error: Content is protected !!